Sat. Jan 18th, 2025
കാസർകോട്:

മോട്ടർ വാഹന വകുപ്പിന്റെ ജില്ലയിലെ 2 ചെക്ക് പോസ്റ്റുകളിലായി വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാതെ 17,650 രൂപ പിടികൂടി. അതിർത്തിയായ തലപ്പാടിയിലെ മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ നിന്നു 16900 രൂപയും മറ്റൊരു അതിർത്തി ചെക്ക് പോസ്റ്റായ പെർലയിൽ നിന്നു 750 രൂപയുമാണ് പിടികൂടിയത്. ഇന്നലെ രാവിലെ 6 മണിക്കാണ് ഇരു കേന്ദ്രങ്ങളിലുമായി വിജിലൻസ് സംഘം ‘ഓപ്പറേഷൻ ഭ്രഷ്ട് നിർമൂലൻ’ എന്ന പേരിൽ പരിശോധന നടത്തിയത്.

ലോറി ഡ്രൈവർമാരിൽ നിന്നു കൈക്കൂലി വാങ്ങിയ 16,900 രൂപയാണു പിടിച്ചെടുത്തതെന്ന് അധികൃതർ പറഞ്ഞു.ഡ്രൈവർമാരിൽ നിന്നു കൈക്കൂലി വാങ്ങുന്ന പണം ഓരോ മണിക്കൂർ കഴിയുമ്പോൾ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റാനായി വകുപ്പ് മേധാവികൾ അറിയാതെ ജീവനക്കാർ 5 ഏജന്റുമാരെ ഓഫിസിൽ നിയമിച്ചുവെന്നും ഇവർക്കുള്ള ശമ്പളവും ഉദ്യോഗസ്ഥർ കൈക്കൂലിപ്പണത്തിൽ നിന്നു നൽകുകയാണെന്നു തലപ്പാടി അതിർത്തി ചെക്ക് പോസ്റ്റിൽ പരിശോധനയ്ക്കു നേതൃത്വം നൽകിയ ഡിവൈഎസ്പി കെ വി വേണുഗോപാൽ പറഞ്ഞു.

ഏജന്റുമാരെ തടഞ്ഞു വച്ചാണ് കണക്കിൽ പെടാത്ത 16,900 രൂപ പിടിച്ചെടുത്തത്. 6 വർഷമായി ഏജന്റുമാർ ഇവിടെ ദിവസ വേതനത്തിൽ ജോലി ചെയ്യുകയാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർ മാറുന്നതിന് അനുസരിച്ച് ദിവസവും ഏജന്റുമാരും മാറും. ചെറുവത്തൂർ ,കാഞ്ഞങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലുള്ളവരെയാണു ഇവിടെ നിയമിച്ചത്. ഇതിൽ ഒരു ഏജന്റിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.
‘ഓരോ ദിവസവും ലക്ഷങ്ങൾ’

തലപ്പാടി ആർടിഒ ചെക്ക് പോസ്റ്റിൽ 20 മിനിറ്റിനുള്ളിൽ കൈക്കൂലിയായി കിട്ടിയത് 16,900 രൂപ. ദിവസേന ആയിരത്തോളം ചരക്കുലോറികൾ ഉൾപ്പെടെ പോകുന്ന ഈ പാതയിൽ വൻതുകയാണു കൈക്കൂലിയാണ് ഉദ്യോഗസ്ഥർ വാങ്ങുന്നതായി വിജിലൻസ് സംഘം കണ്ടെത്തി. ഇന്നലെ രാവിലെ 5.40നു ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ ഏജന്റിനെ വിളിച്ചതിനു തെളിവുകൾ പരിശോധന സംഘം ശേഖരിച്ചു. 5.40നു ഏജന്റ് എത്തി തുക വാങ്ങി മടങ്ങുകയായിരുന്നു.

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ലോറികളിൽ ആവശ്യമായ രേഖകൾ ഒന്നും പരിശോധിക്കാതെ കടത്തിവിടുകയാണ്. ലോറികളുടെ വലിപ്പം അനുസരിച്ച് 300 മുതൽ 1200 വരെയാണു ലോറികളിൽ നിന്നു ഈടാക്കുന്നത്. രേഖകളുമായി കൗണ്ടറിലെത്തുന്ന ഡ്രൈവർ രേഖകൾ കാണിച്ചെന്നു വരുത്തി തുക നൽക്കുകയാണു പതിവ്.

മേശവലിപ്പിലിടുന്ന പണമാണ് ഓരോ സമയത്ത് ഏജന്റുമാരുടെ കൈകളിലൂടെ ഉദ്യോഗസ്ഥരുടെ കൈവശം എത്തുന്നതെന്നു വിജിലൻസ് സംഘം പറഞ്ഞു. കൈക്കൂലിയായി ലക്ഷങ്ങൾ ലഭിക്കുന്നുവെന്നാണു നിഗമനം.പെർല ചെക്ക് പോസ്റ്റിൽ അമിതഭാരം കയറ്റി വരുന്ന ലോറികൾ പരിശോധിക്കാതെ വിടുന്നതിനു കൈക്കൂലിയാണ് പണം ഈടാക്കിയത്. പരിശോധന സംഘം എത്തിയ വിവരം അറിഞ്ഞതിനു ശേഷം ഒരു വാഹനവും ഇതുവഴി എത്തിയില്ല.

തലപ്പാടിയിൽ ഡിവൈഎസ്പിക്കു പുറമേ എസ്ഐ കെ രമേശൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി കെ രഞ്ജിത്ത് കുമാർ, കെ പി പ്രദീപ്, എ വി രതീഷ് എന്നിവരും പെർള ചെക്ക് പോസ്റ്റിൽ നടന്ന പരിശോധനയ്ക്കു സിഐ സിബി തോമസ്, എസ്ഐ പി പി മധു, എഎസ്ഐമാരായ പി വി സതീശൻ, വി ടി സുഭാഷ് ചന്ദ്രൻ,സീനിയർ സിവിൽ പൊലീസ് ഓഫിസർ പി വി സുധീഷ് എന്നിവരും ഉണ്ടായിരുന്നു.