Mon. Dec 23rd, 2024
കണ്ണൂർ:

ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹർജി നൽകി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇത് സംബന്ധിച്ച് അപേക്ഷ സമർപ്പിച്ചു. പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

കലാപത്തിന് ആഹ്വാനം ചെയ്തു എന്ന വകുപ്പ് കൂടി വ്ളോ​ഗർ സഹോദരന്മാർക്കെതിരായ കേസിൽ ഉൾപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. പൊതുമുതൽ നശിപ്പികൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെത്തൽ തുടങ്ങിയ വകുപ്പുകൾ നേരത്തെ ചേർത്തിരുന്നു. കേസ് ചെവ്വാഴ്ച കോടതി പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ് വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കളക്ടറേറ്റിൽ ആർ ടി ഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയതിനായിരുന്നു നടപടി. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍ ടി ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു.

തുടര്‍നടപടികള്‍ക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ഇവരെ റിമാൻഡ് ചെയ്തു. തുടർന്ന് ഇവർക്ക് ജാമ്യം ലഭിച്ചിരുന്നു.

ഇ ബുൾ ജെറ്റ് വാഹനത്തിൽ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പദ്മലാൽ പറഞ്ഞു. തെറ്റുകൾ തിരുത്താൻ ഇ ചലാൻ വഴി സമയം കൊടുത്തിരുന്നുവെന്നും പദ്മലാൽ പറഞ്ഞു. വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്.

ആഡംബര നികുതിയിൽ വന്ന വ്യത്യാസം ഇ ബുൾജെറ്റ് സഹോദരങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു. വാഹനത്തിനു ബോഡിക്ക് പുറത്ത് തള്ളിനിൽക്കുന്ന പാർട്ട്സ് പാടില്ല എന്നാണ് നിയമം. എന്നാൽ ഈ നിയമവും ഇ-ബുൾജെറ്റ് ലംഘിച്ചിട്ടുണ്ട്.

അംഗീകൃത വാഹനങ്ങളിൽ മാത്രമേ സെർച്ച് ലൈറ്റ് പാടുള്ളൂ. പക്ഷേ വാഹനത്തിൽ അതും കണ്ടെത്തിയിട്ടുണ്ടെന്ന് എംവിഐ പദ്മലാൽ ചൂണ്ടിക്കാട്ടി.