Wed. Nov 6th, 2024
കോഴിക്കോട്:

നാദാപുരത്തെ മലയോര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം. വന്‍ കൃഷിനാശമാണ് കാട്ടാനയുടെ ആക്രമണത്തില്‍ മേഖലയില്‍ ഉണ്ടാവുന്നത്. വന്യമൃഗശല്യത്തില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരം തുടങ്ങി.

കണ്ടിവാതുക്കല്‍ ,ആയോട്,അഭയഗിരി തുടങ്ങിയ മേഖലകളിലാണ് കാട്ടാനാകള്‍ വന്‍ കൃഷി നാശം വരുത്തുന്നത്.ആളുകള്‍ പുറത്തിറങ്ങാന്‍ പോലും ഭയമാണ്. കഴിഞ്ഞ ദിവസം കാട്ടാനക്ക് മുമ്പില്‍ പെട്ട യുവതി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

പ്രദേശത്ത് സോളാര്‍ വേലിയുണ്ടെങ്കിലും ഇതെല്ലാം തകര്‍ത്താണ് ആന വനത്തില്‍ നിന്നും ജനവാസകേന്ദ്രങ്ങളിലേക്ക് എത്തുന്നത്. അശാസ്ത്രീയമായി സോളാര്‍ വേലി സ്ഥാപിച്ചതാണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ സമരരംഗത്താണ്.

കഴിഞ്ഞ ദിവസം സമര സമിതി പ്രതിഷേധസംഗമം സംഘടിപ്പിച്ചിരുന്നു. വ്യാപകമായി കൃഷി നശിപ്പിക്കപ്പെടുമ്പോഴും മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.