Mon. Dec 23rd, 2024
പാപ്പിനിശ്ശേരി:

മേൽപാലത്തിൽ ‘വാരിക്കുഴി’ ഉണ്ടെന്നു പതിവായി പരാതി പറയാൻ നാണക്കേടാകുന്നെന്നു നാട്ടുകാർ. പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിലെ കുഴികൾ വലുതായി സ്‌ലാബിന്റെ കോൺക്രീറ്റ് തകർന്നു ഇരുമ്പു കമ്പികൾ പുറത്തു കാണാൻ തുടങ്ങി. ഏതു നിമിഷവും വാഹനങ്ങളെ അപകടത്തിനിടയാക്കുന്ന നിലയിലായിട്ടു പോലും അധികൃതർക്ക് മാത്രം അനക്കമില്ല.

മേൽപാലത്തിനു മുകളിലെ ഒരൊറ്റ സോളർ വഴിവിളക്കു പോലും കത്തുന്നില്ല.രാത്രിയിലെ കൂരിരുട്ടിൽ പാലത്തിലെ ‘വാരിക്കുഴി’യിൽ വീണു വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിനിടയാക്കുന്നതു പതിവായി. നിർമാണത്തിലെ അപാകത കാരണം വിജിലൻസ് അന്വേഷണം നടക്കുന്ന പാലത്തിന്റെ മുകളിലാണ് ഇടയ്ക്കിടെ ഈ തകർച്ച.

പാച്ച്‌വർക്കുകാർ ഇടയ്ക്കിടെ കുഴികളിൽ കോൺക്രീറ്റ് മിശ്രിതം കോരിയിട്ടു കടന്നുപോകും. അവ ഉണങ്ങുന്നതിനു മുൻപേ തകരാൻ തുടങ്ങും.പാലം നിർമിച്ചു ഒരു വർഷത്തിനുള്ളിൽ തന്നെ എക്സ്പാൻഷൻ ജോയിന്റുകൾ തകർന്നു വിള്ളലുകളും ഇരുമ്പുകമ്പികളും പുറത്തായിരുന്നു.

തൂണുകളിലും വിള്ളലുകൾ വന്നതോടെയാണ് കഴിഞ്ഞ മാസങ്ങളിൽ പാലത്തിന്റെ അടിയിൽ അറ്റകുറ്റപ്പണി നടത്തിയത്. പ്രശ്നത്തിനു ശാശ്വതമായ പരിഹാരം കാണണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.