Mon. Dec 23rd, 2024
ചെർപ്പുളശ്ശേരി:

നിക്ഷേപകരിൽനിന്ന്​ ലക്ഷങ്ങൾ സമാഹരിച്ച ശേഷം അടച്ചുപൂട്ടിയ സംഘ്​പരിവാർ നേതൃത്വത്തിലുള്ള ചെർപ്പുളശ്ശേരിയിലെ ഹിന്ദുസ്ഥാൻ ഡെവലപ്​മൻെറ്​ ബെനിഫിറ്റ്​സ്​ (എച്ച് ഡി ബി) നിധി ലിമിറ്റഡി​ൻെറ പ്രമോട്ടറും പ്രധാന നടത്തിപ്പുകാരനുമായ സുരേഷ് കൃഷ്ണയെ (45) അറസ്​റ്റ്​ ചെയ്തു. മറ്റ്​ പ്രമോട്ടർ ഡയറക്ടർമാരുടെയും നിക്ഷേപകരുടെയുമായി മൂന്ന് പരാതികൾ സുരേഷ് കൃഷ്ണക്കെതിരെ ലഭിച്ചതിനെ തുടർന്ന്​ ഇയാൾക്കെതിരെ വഞ്ചനക്കുറ്റത്തിന്​ കേസെടുത്തിരുന്നു.

ഒളിവിൽപോയ സുരേഷിനെ ചൊവ്വാഴ്​ച ചിറ്റൂരിൽവെച്ചാണ്​ അറസ്​റ്റ്​ ചെയ്​തത്​. സംഘ്​പരിവാർ സംഘടനകളിലെ പ്രാദേശി നേതാക്കളാണ്​ എച്ച് ഡി ബി നിധി ലിമിറ്റഡി​ൻെറ നടത്തിപ്പുകാർ. ഹിന്ദുബാങ്ക് എന്ന് പ്രചരിപ്പിച്ചാണ് നിക്ഷേപം ക്ഷണിച്ചിരുന്നത്​. ഒരു കോടിയലധികം രൂപ സമാഹരിച്ചിരുന്നു. ആർ എസ്​എസ്​, ബി ജെ പി പ്രവർത്തകരിൽനിന്നും അനുഭാവികളിൽനിന്നുമാണ്​ ഓഹരിയും നിക്ഷേപവും സ്വീകരിച്ചത്​.

കീഴൂർ റോഡ്​ പത്തായപ്പുര പ്രദീപും ഭാര്യ അമൃതയുടേയും പേരിൽ ഓരോ ലക്ഷം രൂപ കമ്പനിയിൽ നിക്ഷേപിച്ചിരുന്നു. ഈ തുകക്ക്​​, ആനുകൂല്യം നൽകിയില്ലെന്നാണ്​ പ്രദീപി​ൻെറ പരാതി. സേവാഭാരതി പഞ്ചായത്ത്​ ഭാരവാഹിയും ഹരീഷ്​ എന്ന മ​റ്റൊരാളും പരാതി നൽകിയിരുന്നു. ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് കോടതിയിൽ ഹാജരാക്കിയ സുരേഷ്​ കൃഷ്​ണയെ 15 ദിവസത്തേക്ക്​ റിമാൻഡ് ചെയ്തു.

By Divya