കോഴിക്കോട്:
ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ആശുപത്രികളിലെ ഐ സി യു, വെൻറിലേറ്റർ കിടക്കകളുടെ എണ്ണം അടിയന്തരമായി വർദ്ധിപ്പിക്കുന്നതിന് ജില്ല കലക്ടർ ഡോ എൻ തേജ് ലോഹിത് റെഡ്ഡി ആശുപത്രി അധികൃതർക്ക് നിർദേശം നൽകി.
സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോഗികൾക്കുവേണ്ടി നീക്കിവെച്ച കിടക്കകളുടെ ലഭ്യത കുറഞ്ഞുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്ഥിതി ഗുരുതരമാകാതിരിക്കാൻ കൊവിഡ് ചികിത്സസൗകര്യം വർദ്ധിപ്പിക്കുന്നതിന് ഉത്തരവിട്ടത്.
മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ, സ്വകാര്യ, സഹകരണ, ഇ എസ് ഐ ആശുപത്രികളിൽ ആകെയുള്ള കിടക്കയുടെ 50 ശതമാനം കൊവിഡ് രോഗികളുടെ ചികിത്സക്കായി നീക്കിവെക്കണം.സാധ്യമായ മുഴുവൻ ആശുപത്രികളിലും ഓക്സിജൻ ജനറേറ്റർ പ്ലാൻറുകൾ സ്ഥാപിക്കണം. ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ടാങ്കുകളുള്ള ആശുപത്രികൾ അവയുടെ ഉപയോഗക്ഷമത വർദ്ധിപ്പിക്കണം.
മാറ്റിവെക്കാവുന്ന ശസ്ത്രക്രിയകൾ മാറ്റിവെക്കുകയും അടിയന്തര സ്വഭാവമില്ലാത്ത കൊവിഡിതര രോഗികളെ ഡിസ്ചാർജ് ചെയ്യുകയും വേണം. അനാവശ്യമായി രോഗികളെ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യുന്നത് കർശനമായി ഒഴിവാക്കണം.
അടിയന്തര ചികിത്സ ആവശ്യമുള്ള കൊവിഡ് രോഗികൾക്ക് ചികിത്സ നിഷേധിക്കാൻ ഇടവരരുത്.
മുഴുവൻ ആശുപത്രികളിലും കൊവിഡ് ഹെൽപ് ഡെസ്ക് തുടങ്ങണം. രോഗവിവരങ്ങൾ ബന്ധുക്കൾക്ക് ഇവിടെനിന്ന് നൽകണം. ആശുപത്രികളിലെ ചികിത്സസൗകര്യങ്ങൾ സൂപ്രണ്ടുമാർ നിരന്തരം വിലയിരുത്തുകയും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുകയും വേണമെന്നും ഉത്തരവിൽ പറഞ്ഞു.