കണ്ണൂർ:
കൊവിഡ് കാരണം പ്രതിസന്ധിയിലായ കണ്ണൂരിലെ ഖാദി മേഖലയെ സഹായിക്കാൻ ‘ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്’ പദ്ധതിക്ക് മികച്ച പ്രതികരണം. ഖാദി ഉൽപ്പന്നങ്ങൾക്കുള്ള അരക്കോടിയിലേറെ രൂപയുടെ കൂപ്പണുകളാണ് വിതരണം ചെയ്തത്. ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർ, ബാങ്ക്, -പൊതുമേഖല, സർവകലാശാല, സഹകരണ ജീവനക്കാർ, തദ്ദേശസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, വിവിധ സംഘടനകൾ എന്നിവരെയെല്ലാം കോർത്തിണക്കിയാണ് ക്യാമ്പയിൻ.
വിവിധ സർക്കാർ ഓഫീസുകളിലും മറ്റുമായി 53 ലക്ഷം രൂപയുടെ കൂപ്പൺ ഇതിനകം വിതരണം ചെയ്തു. 500 രൂപയുടെ 10,000 കൂപ്പണുകളും 1000 രൂപയുടെ 300 കൂപ്പണുകളുമാണ് വിറ്റഴിച്ചത്. ഓഫീസ് മേധാവികൾ വഴി കൂപ്പണുകൾ നൽകുകയും ജീവനക്കാരിൽനിന്ന് തുക മുൻകൂട്ടി ശേഖരിക്കുകയുമാണ് ചെയ്യുന്നത്.
കൂപ്പണുകളുമായി ഖാദി വിൽപ്പന കേന്ദ്രങ്ങളിൽ എത്തിയാൽ 30 ശതമാനം വിലക്കുറവിൽ ഉൽപ്പന്നങ്ങൾ ലഭിക്കും. ജീവനക്കാർ ഉൾപ്പെടെയുള്ളവരിൽനിന്ന് മികച്ച പ്രതികരണമാണ് ക്യാമ്പയിനെന്ന് കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യ മാനേജർ കെ വി ഫാറൂഖ് പറഞ്ഞു.ഓണത്തിന് ഖാദി, കൈത്തറി വസ്ത്രങ്ങളും ഉൽപ്പന്നങ്ങളും വാങ്ങുകയും കുടുംബക്കാർക്കും പ്രിയപ്പെട്ടവർക്കും സമ്മാനിക്കുകയും ചെയ്യണമെന്ന സന്ദേശമാണ് ക്യാമ്പയിന്റേത്.
ജില്ലയിലെ അനാഥ മന്ദിരങ്ങൾ, വയോജന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് ഓണക്കോടിയായി ഖാദി വസ്ത്രങ്ങൾ സ്‌പോൺസർ ചെയ്യാനും അവസരമുണ്ട്.തലശേരി ബിഇഎംപി സ്‌കൂളിലെ ‘ഹാർട്ട് ബീറ്റ്സ്’ പൂർവ വിദ്യാർത്ഥി കൂട്ടായ്മ 1000 രൂപയുടെ 200 കൂപ്പൺ വാങ്ങും. കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്‌ച കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യയിൽ എഡിഎം കെ കെ ദിവാകരൻ നിർവഹിക്കും.
ക്യാമ്പയിന്റെ ഭാഗമായി കണ്ണൂർ സർവകലാശാലയുടെ താവക്കര ക്യാമ്പസിൽ ആരംഭിക്കുന്ന ഖാദി ഓണംമേള 11ന് രാവിലെ 10.30ന് വൈസ് ചാൻസലർ പ്രൊഫ ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനംചെയ്യും.