കോഴിക്കോട്:
ബീച്ച് തുറക്കുന്ന വിഷയത്തിൽ ആകെ ആശയക്കുഴപ്പം. സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ബീച്ചുകൾ തുറക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിൻറെ അറിയിപ്പ് വന്നെങ്കിലും കോഴിക്കോട് ബീച്ച് തുറക്കണമോ വേണ്ടയോ എന്നകാര്യത്തിൽ ആശയക്കുഴപ്പം. തിങ്കളാഴ്ച ആദ്യം ആരെയും ബീച്ചിൽ പ്രവേശിക്കാൻ അനുവദിച്ചില്ല.
വൈകീട്ട് അഞ്ചരയോടെ നിരവധി പേർ ബീച്ചിൽ പ്രവേശിച്ചു. പൊലീസ് തടഞ്ഞതുമില്ല. പിന്നീട് 6.45 ഓടെ എല്ലാവരെയും പൊലീസ് ബീച്ചിൽനിന്ന് ഒഴിപ്പിച്ചു.
കോഴിക്കോട് ബീച്ചിൽ തൽക്കാലം ആളുകളെ പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനമെന്ന് കഴിഞ്ഞ ദിവസം ചേർന്ന ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചിരുന്നു. പക്ഷേ, ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയിട്ടില്ല. വിഷയം സംബന്ധിച്ച് കലക്ടറോട് ചോദിക്കണമെന്നാണ് ഡി ടി പി സി അധികൃതരും ദുരന്തനിവാരണ വകുപ്പ് അധികൃതരും പറയുന്നത്.
അതേസമയം, കലക്ടറെ ഫോണിൽ കിട്ടാത്ത സാഹചര്യമാണ്. പൊലീസിനും ഇതുസംബന്ധിച്ച് കൃത്യമായ ധാരണയില്ല എന്നാണ് മനസ്സിലാവുന്നത്. അതുകൊണ്ടാണ് പൊലീസ് വ്യത്യസ്ത സമയങ്ങളിൽ വെവ്വേറെ തീരുമാനങ്ങൾ നടപ്പിലാക്കുന്നത്.
കോഴിക്കോട് ബീച്ച് കോടികൾ ചെലവഴിച്ച് നവീകരിച്ച് ഉദ്ഘാടനം നടത്തിയത് കഴിഞ്ഞ മാസമാണ്. ഭട്ട് റോഡ് ബീച്ചും കോഴിക്കോട് സൗത്ത് ബീച്ചിലെ കോർണിഷും കോർപറേഷൻ ഓഫിസിന് മുന്നിലെ വിശ്രമത്തറയും നവീകരിച്ചിട്ടുണ്ട്. സരോവരം കഴിഞ്ഞ ദിവസം തുറന്നുകൊടുത്തിട്ടുണ്ട്. ഇതിനകത്തെ ബയോ പാർക്കിലാവട്ടെ ശാരീരിക അകലം ഒട്ടും പാലിക്കാതെയാണ് സന്ദർശകരുടെ ഇരിപ്പ്.