Mon. Dec 23rd, 2024
ബാലുശ്ശേരി:

കിനാലൂർ വ്യവസായ വളർച്ച കേന്ദ്രത്തിൽ അതിഥിത്തൊഴിലാളികൾക്കു വേണ്ടിയുള്ള അപ്നാ ഘർ ഹോസ്റ്റലിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കേരളത്തിൽ എത്തുന്ന അതിഥിത്തൊഴിലാളികൾക്ക് വൃത്തിയും സൗകര്യപ്രദവുമായ താമസ സൗകര്യം ഒരുക്കുന്നതിനു വേണ്ടിയാണ് ഹോസ്റ്റൽ ‌നിർമിക്കുന്നത്. ഹോസ്റ്റൽ നിർമിക്കുന്നതിനായി കെഎസ്ഐഡിസി ഒരേക്കറാണ് അനുവദിച്ചത്.

ആദ്യഘട്ടം 2 മാസത്തിനുള്ളിൽ പൂർത്തിയാക്കും. തൊഴിൽ വകുപ്പിനു കീഴിലുള്ള ഭവനം ഫൗണ്ടേഷൻ കേരളയാണ് അപ്നാ ഘർ പദ്ധതി നടപ്പാക്കുന്നത്.3 നിലകളുള്ള നിർദിഷ്ട ഹോസ്റ്റൽ യാഥാർഥ്യമാകുന്നതോടെ 520 തൊഴിലാളികൾക്ക് താമസിക്കാൻ കഴിയും.

43,600 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണിത്. 24 മണിക്കൂർ സെക്യൂരിറ്റി, സിസിടിവി സംവിധാനം എന്നിവയും വിനോദത്തിനും വ്യായാമത്തിനുമുള്ള സൗകര്യവും ഇവിടെ ഒരുക്കും. ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനും പ്രത്യേകം സൗകര്യങ്ങൾ ഉണ്ടാകും. 48 ശുചിമുറികൾ നിർമിക്കും.

2 ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. താമസ സൗകര്യത്തിനു ചുരുങ്ങിയ വാടകയാണു തൊഴിലാളികളിൽ നിന്ന് ഈടാക്കുക. നിലവിൽ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന ഒട്ടേറെ കെട്ടിടങ്ങളിൽ മതിയായ സൗകര്യവും വൃത്തിയുമില്ലെന്ന പരാതികൾ വ്യാപകമാണ്. കുടുസ്സുമുറികളിൽ തൊഴിലാളികളെ കുത്തി നിറച്ച് താമസിപ്പിച്ച് തലയെണ്ണി വാടക പിരിക്കുന്നത് അധികൃതരുടെ പരിശോധനകളിൽ ബോധ്യപ്പെട്ടതാണ്.