Mon. Dec 23rd, 2024
തേഞ്ഞിപ്പലം:

കാലിക്കറ്റ് സര്‍വകലാശാലയുടെ ഗോത്രവര്‍ഗ പഠനകേന്ദ്രമായ ചെതലയം ഐടിഎസ്ആര്‍ മികവിന്റെ പാതയില്‍. ഈ വര്‍ഷം യുനെസ്‌കോയുടെ ചെയര്‍ പദവിയും ലഭിച്ചു. കോഴ്‌സ് ആരംഭിച്ച് ആറുവര്‍ഷത്തിനുള്ളില്‍ അക്കാദമിക് രംഗത്ത് മികച്ച നേട്ടമാണ് കൈവരിച്ചത്.

എംഎ സോഷ്യോളജിയില്‍ സര്‍വകലാശാലാതലത്തില്‍ ഇത്തവണ മൂന്നാം റാങ്ക് നേടിയ മിഥു മോളും പത്താം റാങ്ക് നേടിയ കെ സുനിതയും ഐടിഎസ്ആറിലെ വിദ്യാർത്ഥികളാണ്. ഇതുവരെ രണ്ടുപേര്‍ യുജിസി നെറ്റും ഒരാള്‍ സെറ്റും കരസ്ഥമാക്കി. അഞ്ച് പേര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായി ജോലിയില്‍ കയറി.

ഒരാള്‍ക്ക് ഐസിഡിഎസിലും ജോലി ലഭിച്ചു. പ്രവേശനം നേടിയവരില്‍ 99 ശതമാനത്തോളം പേരും കോഴ്‌സ് പൂര്‍ത്തിയാക്കുന്നു.
തനത് വിജ്ഞാനവും ഭാഷയും കലകളും നിലനിര്‍ത്തുന്നതിനൊപ്പം ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന ജോലികളും എത്തിപ്പിടിക്കാന്‍ സഹായിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് ഡയറക്ടര്‍ ഡോ ടി വസുമതി പറഞ്ഞു.

കേരളത്തിലെ 17ഓളം ​ഗോത്രവിഭാ​ഗത്തില്‍നിന്നുള്ളവര്‍ ചെതലയത്തെ പഠിതാക്കളായുണ്ട്.സോഷ്യോളജി ബിഎ, എംഎ കോഴ്‌സുകളാണ് ഇവിടെയുള്ളത്. സൗജന്യ പഠനവും താമസവും സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള പരിശീലനങ്ങളും നല്‍കുന്നു.

ഈ വര്‍ഷത്തെ പ്രവേശനത്തിന് 27 വരെ അപേക്ഷിക്കാം. ബിഎക്ക് 40ഉം, എംഎക്ക് 20 സീറ്റുമാണുള്ളത്.കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി (കെല്‍സ)യുമായി സഹകരിച്ച് എല്ലാ വിദ്യാർത്ഥികളെയും പാരാലീഗല്‍ വളന്റിയര്‍മാരാക്കിയിട്ടുണ്ട്.

ഇതിലൂടെ ഗോത്രവര്‍ഗ വിഭാഗത്തിന് ഭരണഘടനാ അവകാശങ്ങളില്‍ നിയമസഹായം നല്‍കാന്‍ ഇവര്‍ക്കാവും. രാജ്യത്താദ്യമാണ് ഒരു സ്ഥാപനത്തിലെ മുഴുവന്‍ വിദ്യാർത്ഥികളും പിഎല്‍വി ആകുന്നത്. ചെതലയത്തെ ഐടിഎസ്ആറിന്റെ വികസനത്തിനായി കേന്ദ്ര,-സംസ്ഥാന സര്‍ക്കാരുകളുടെ_108 കോടി രൂപയുടെ പദ്ധതി കാത്തിരിക്കുകയാണെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം കെ ജയരാജ് പറഞ്ഞു.