Thu. Jan 23rd, 2025
ശ്രീകണ്ഠപുരം:

ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ചുണ്ടച്ചാൽ പുഴയരിക് കാലവർഷത്തിൽ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഇടിഞ്ഞിട്ട് ഒന്നര മാസം പിന്നിട്ടിട്ടും നടപടിയില്ല. സമീപ റോഡ് ഇതുമൂലം അപകട ഭീഷണിയിലാണ്. അന്നു മുതൽ ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചതു കൊണ്ട് മാത്രമാണ് റോഡ് അതേ പടി നിൽക്കുന്നത്.

അത്യാവശ്യം ഇരു ചക്ര വാഹനം മാത്രമാണ് അരികിലൂടെ കടത്തി വിടുന്നത്.സ്ഥലം എംഎൽഎ സജീവ് ജോസഫ്, ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി പി മോഹനൻ, അംഗങ്ങൾ, ശ്രീകണ്ഠപുരം നഗരസഭാ അധ്യക്ഷ ഡോ കെ വി ഫിലോമിന തുടങ്ങിയവരും ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് ഭിത്തി നിർമാണം വേഗത്തിലാക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും കുറച്ച് കരിങ്കല്ല് ഇറക്കി എന്നല്ലാതെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല.

എം പി കുഞ്ഞിമൊയ്തീന്റെ ശ്രമ ഫലമായി ചില സ്വകാര്യ വ്യക്തികളിൽ നിന്ന് അനുവാദം വാങ്ങിയാണ് കല്ലിറക്കാനുള്ള സ്ഥലം പോലും കരാറുകാരന്റെ ആവശ്യ പ്രകാരം നൽകിയത്. ഇതിനായി കഴിഞ്ഞ വർഷം തന്നെ 15.20 ലക്ഷം രൂപയുടെ പ്രവൃത്തി അംഗീകരിച്ച് കരാർ നൽകിയിട്ടുണ്ട്. ശക്തമായ മഴയിൽ വീണ്ടും കര ഇടിഞ്ഞുകൊണ്ടിരിക്കുന്നു.

ഇതുകാരണം ഈ ഭാഗത്തുള്ളവരുടെ വാഹന ഗതാഗതം നാളുകളായി നിലച്ചിരിക്കുകയാണ്. അടിയന്തരമായി പ്രവൃത്തി ആരംഭിച്ചില്ലെങ്കിൽ റോഡ് തന്നെ ഇല്ലാതാവുകയും അത് ജീവനു തന്നെ ഭീഷണിയായിത്തീരുകയും ചെയ്യും.