Mon. Dec 23rd, 2024
വെസ്റ്റ്ഹിൽ:

സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ എക്സൈസ്‌ ഓഫീസ്‌ സമുച്ചയം കൊണ്ടുവരാനുള്ള നീക്കങ്ങൾക്ക് റവന്യൂ ഉദ്യോഗസ്ഥരിൽ ചിലർ തടസ്സമെന്ന്‌ പരാതി. 2018ൽ ഏറ്റെടുത്ത ഭൂമി കച്ചേരി വില്ലേജിലാണ്‌. ഈസ്റ്റ്‌ഹിൽ റോഡിൽ ഇന്ത്യൻ എക്സ്പ്രസിന് സമീപമാണ്‌ കോടികൾ വിലമതിക്കുന്ന 36.54സെന്റ് സ്ഥലം.

റവന്യു വകുപ്പിന് കൈമാറിയ ഭൂമി എക്സൈസിന് കെട്ടിട നിർമാണത്തിന്‌ നൽകാതിരിക്കാൻ കലക്ടറേറ്റിലെ സ്ഥാപിത താൽപ്പര്യക്കാരായ ചില ഉദ്യാേഗസ്ഥർ ശ്രമിക്കുന്നതായാണ്‌ ആക്ഷേപം.പരാതികളുടെയും നിവേദനങ്ങളുടെയും അടിസ്ഥാനത്തിൽ സർക്കാർ വിഷയത്തിൽ ഇടപെടുകയും ജില്ലാ ഭരണകേന്ദ്രത്തോട് വിശദീകരണം തേടുകയും ചെയ്‌തു. എന്നാൽ അഞ്ച്‌ മാസം കഴിഞ്ഞിട്ടും വിശദീകരണം നൽകിയില്ല.

മന്ത്രി കെ രാജൻ വിളിച്ച യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പ്രശ്നം ഉന്നയിച്ചതിനെ തുടർന്ന്‌ നടപടിയെടുക്കാമെന്ന് മന്ത്രി ഉറപ്പും നൽകി. എക്സൈസ് കമീഷണർ ഋഷിരാജ് സിങ്‌ സ്ഥലം പരിശോധിച്ചു.കലക്ടറുടെയും ലാൻഡ്‌ റവന്യൂ കമീഷണറുടെയും ശുപാർശയോടെയാണ് കെട്ടിടനിർമാണത്തിന് ഭൂമി വിട്ടുകിട്ടാൻ എക്സൈസ് വകുപ്പ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് അപേക്ഷ നൽകിയത്‌. പ്രദേശവാസിയായ എം വി ശ്രീധരൻ മുഖ്യമന്ത്രിക്ക് പരാതിയും നൽകി. മുൻ എംഎൽഎ എ പ്രദീപ് കുമാറിന്റെയും മറ്റും ശ്രമഫലമായി നടപടിക്രമങ്ങൾ പൂർത്തിയാക്കി.