കോഴിക്കോട്:
കേരളത്തെ കണ്ണീരിലാഴ്ത്തിയ കരിപ്പൂർ ആകാശദുരന്തത്തിന് ഇന്ന് ഒരാണ്ട്. 21 പേരുടെ ജീവനും അതിലേറെ പേരുടെ ജീവിതവും തകര്‍ത്ത കരിപ്പൂര്‍ അപകടത്തിന്‍റെ കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് ഇനിയും പുറത്തുവന്നിട്ടില്ല. ടേബിള്‍ ടോപ്പ് ഘടനയുളള കരിപ്പൂരിലെ റണ്‍വേ വികസനമടക്കമുളള കാര്യങ്ങളില്‍ പിന്നീട് കാര്യമായൊന്നും നടപ്പായതുമില്ല.
എങ്കിലും ദുരന്തമുഖത്ത് മറ്റെല്ലാം മറന്നൊരുമിച്ച കരിപ്പൂര്‍ മാതൃക രക്ഷാപ്രവര്‍ത്തനം കേരളത്തിന് സമ്മാനിച്ച പ്രതീക്ഷയും ഊര്‍ജ്ജവും സമാനതകളില്ലാത്തതാണ്.കേരളവും ലോകമെങ്ങുമുളള പ്രവാസി സമൂഹവും മറക്കാന്‍ ആഗ്രഹിക്കുന്ന ദുരന്തം. കൊവിഡ് വ്യാപനം രൂക്ഷമായ തൊഴിലിടങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനായി ഊഴം കാത്തിരുന്ന ഒരു പറ്റം മനുഷ്യരെയുമായെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ടെര്‍മിനലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി റണ്‍വേയുടെ കിഴക്കുഭാഗത്ത് നിന്ന് താഴേക്ക് പതിച്ചത്.
ലോകത്തെ ഒന്നാം നിര വിമാന കമ്പനികളിനൊന്നായ ബോയിംഗ് കമ്പനി നിര്‍മിച്ച 737 വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. വിമാനം പറത്തിയതാകട്ടെ എയര്‍ഫോഴ്സിലുള്‍പ്പെടെ മികവ് തെളിയിച്ച പരിചയ സമ്പന്നന്‍ ക്യാപ്റ്റന്‍ ദീപക് സാഥെയും. പക്ഷേ ഇടുക്കിയിലെ രാജമലയില്‍ 80 ലേറെ പേരുടെ ജീവന്‍ കവര്‍ന്നെടുത്ത ആ വെളളിയാഴ്ച കരിപ്പൂരില്‍ മറ്റൊരു ദുരന്തം കൂടി കാത്തുവച്ചിരുന്നു.
ദുരന്ത കാരണം ടെയില്‍വിന്‍ഡോ അതോ ഹൈഡ്രോപ്ളെയിനിങ്ങോ? അപകട കാരണം സംബന്ധിച്ച് പിന്നീട് തര്‍ക്കങ്ങളുയര്‍ന്നു. വിമാനമിറങ്ങുന്ന അതേ ദിശയില്‍ കാറ്റ് വീശുന്ന സാഹചര്യമാണ് ടെയില്‍വിന്‍ഡ്. റണ്‍വേയിലെ ജലസാന്നിധ്യം മൂലം ബ്രേക്കിംഗ് നിയന്ത്രണം നഷ്ടമാക്കുന്ന അവസ്ഥയാണ് ഹൈഡ്രോ പ്ളെയിനിംഗ്.
ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ പോകേണ്ടെന്നും എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തുന്ന അന്വേഷണത്തിലൂടെ യഥാര്‍ത്ഥ കാരണം പുറത്തുവരുമെന്നും സ്ഥലത്തെത്തിയ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഉറപ്പും നല്‍കി. പക്ഷേ വര്‍ഷമൊന്ന് കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല. ഇതിനാല്‍ തന്നെ കരിപ്പൂരിലെ റണ്‍വേ വികസനമടക്കം സ്തംഭനാവസ്ഥയിലാണ്. ദുരന്തമുണ്ടായതിന് പിന്നാലെ നിര്‍ത്തിവച്ച വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചിട്ടുമില്ല. ചുരുക്കത്തില്‍ കരിപ്പൂരിന്‍റെ ഭാവി എന്താകണമെന്ന് നിര്‍ണയിക്കുന്ന ആ റിപ്പോര്‍ട്ടിനായാണ് ദുരന്തത്തിന്‍റെ ഒന്നാം വാര്‍ഷികത്തിലും ഏവരുടെയും കാത്തിരിപ്പ്.