Wed. Jan 22nd, 2025
കൽപ്പറ്റ:

ജില്ലയിലെ പട്ടികവർഗ വിദ്യാർത്ഥികൾക്ക് പ്ലസ്‌ വൺ സീറ്റുകൾ വർദ്ധിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. യോഗ്യരായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മുഴുവൻ വിദ്യാർത്ഥികളുടെയും തുടർപഠനവും ഉറപ്പാക്കും. പട്ടികവർഗ വിദ്യാർത്ഥികളുടെ പ്ലസ് വൺ പ്രവേശനം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നൽകിയ നിവേദനത്തെ തുടർന്നാണ് ഈ ഉറപ്പുനൽകിയത്.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് എന്നിവർ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലെത്തിയാണ് നിവേദനം നൽകിയത്.പട്ടികവർഗ വിദ്യാർത്ഥികളുൾപ്പെടെയുള്ള ജില്ലയിലെ വിദ്യാർത്ഥികളുടെ ഉപരിപഠന സാധ്യതകളെക്കുറിച്ചും നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത വിദ്യാദ്യാസ പ്രവർത്തകരുടെ യോഗത്തിൽ നിർദേശങ്ങൾ തയ്യാറാക്കിയിരുന്നു. ഈ നിർദേശങ്ങളടങ്ങിയ നിവേദനമാണ് മന്ത്രിക്ക് കൈമാറിയത്. വയനാടിന്റെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ മനസ്സിലാക്കി ക്രിയാത്മകമായ ഇടപെടലിന് തയ്യാറായ മന്ത്രിയെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അഭിവാദ്യംചെയ്തു.