Mon. Dec 23rd, 2024
ചിറയിൻകീഴ്:

അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖ മേഖലയിൽ തുടരുന്ന അപകട പരമ്പരകളിൽ അധികൃതർ കാണിക്കുന്ന അലംഭാവത്തിനെതിരെ ഇന്നലെ മൽസ്യമേഖലയിൽ പണിയെടുക്കുന്നവർ പ്രതിഷേധസൂചകമായി പെരുമാതുറ-മുതലപ്പൊഴി പാലം ഉപരോധിച്ചു. ഇതോടെ പുലർച്ചെ ആറുമണിക്ക് ആരംഭിച്ച ഉപരോധസമരത്തിൽ ജനരോഷമിരമ്പി.

പാതയ്ക്കു കുറുകെ വടം വലിച്ചുകെട്ടിയും വാഹനങ്ങളും ബോട്ടുകളും നിരത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും സ്ത്രീകളും കുട്ടികളുമടക്കം മൽസ്യത്തൊഴിലാളി കുടുംബങ്ങൾ പ്രതിഷേധസമരത്തിൽ അണിനിരന്നതോടെ തീരദേശപാതയിൽ മണിക്കൂറുകളോളം ഗതാഗതസ്തംഭനമുണ്ടായി. കഴിഞ്ഞ ദിവസം പുറപ്പെട്ട മൽസ്യബന്ധനബോട്ട് ശക്തമായ തിരച്ചുഴിൽപെടുകയും മറ്റൊരുബോട്ടുമായി കൂട്ടിയിടിക്കുകയും ചെയ്തിരുന്നു.

അപകടത്തിൽ എട്ടു മൽസ്യത്തൊഴിലാളികൾക്കു പരുക്കേറ്റു. 23അംഗസംഘത്തിലെ മറ്റുള്ളവരെ സമീപത്തുണ്ടായിരുന്ന മൽസ്യത്തൊഴിലാളികളാണു രക്ഷിച്ചു കരയ്ക്കെത്തിച്ചത്. അപകടം നടന്നു നിമിഷങ്ങൾക്കുള്ളിൽ വിവരം അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ്, തുറമുഖവകുപ്പധികൃതർ എന്നിവരെ അറിയിച്ചിട്ടും യഥാസമയം സ്ഥലത്തെത്താൻ ബന്ധപ്പെട്ടവർ കൂട്ടാക്കിയില്ലെന്നും ഇതുമൂലം രക്ഷാപ്രവർത്തനങ്ങൾ വൈകിയതായും മൽസ്യത്തൊഴിലാളികൾ ആരോപിച്ചു.

ബോട്ടുകൾ അടക്കം സുരക്ഷസംഘത്തെ നിയോഗിക്കണമെന്ന ആവശ്യം പരിഗണിക്കാത്തതിലും രോഷമുണ്ട്. ആറ്റിങ്ങൽ‍ ഡിവൈഎസ്പി ഡി എസ് സുനീഷ്ബാബു, വർക്കല ഡിവൈഎസ്പി എൻ ബാബുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ സമരക്കാരുമായി ചർച്ച നടത്തി. തുടർന്നു ആശുപത്രിയിലേക്കുള്ള വാഹനങ്ങൾ കടത്തിവിടാൻ ധാരണയായി. പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹാരം കാണും.

By Divya