Sat. Jan 18th, 2025
വയനാട്:

വയനാട് വൈത്തിരിയിൽ ചായക്കടക്കാരന് പിഴ ചുമത്താനുള്ള സെക്ടറല്‍ മജിസ്ട്രേറ്റിന്റെ ശ്രമം നാട്ടുകാർ തടഞ്ഞു. വൈത്തിരി സ്വദേശി ബഷീറിന്റെ ചായക്കടക്ക് മുന്നിൽ ആൾക്കൂട്ടമുണ്ടെന്ന് പറഞ്ഞായിരുന്നു പിഴ ചുമത്താൻ ശ്രമം. പ്രതിഷേധം കനത്തതോടെ പിഴ വേണ്ടെന്ന് വെച്ച് ഉദ്യോഗസ്ഥ സംഘം മടങ്ങി.

വയനാട് പഴയ വൈത്തിരിയില്‍ കഴിഞ്ഞ ദിവസ വൈകിട്ടാണ് സംഭവം. ചായക്കടയ്ക്ക് മുന്‍പില്‍ ആളുകള്‍ കൂട്ടംകൂടിയെന്ന് പറഞ്ഞായിരുന്നു സെക്ടറല്‍ മജിസ്ട്രേറ്റ് ചായക്കടക്കാരന് പിഴയിടാൻ തുനിഞ്ഞത്. പിഴയടയ്ക്കാൻ വഴിയില്ലെന്നും ആളുകള്‍ കൂട്ടംകൂടി നിന്നിട്ടില്ലെന്നും നിന്നെങ്കിൽ തന്നെ അത് തൻ്റെ പ്രശ്നമല്ലെന്നും കടയുടമ പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.

പല തവണ മുന്നറിയിപ്പ് നല്‍കിയതാണെന്നും പിഴയടക്കണമെന്നും ഉദ്യോഗസ്ഥ സംഘം ആവര്‍ത്തിച്ചതോടെ കടയുടമ വാഹനത്തിന് മുന്‍പില്‍ കിടന്നു പ്രതിഷേധിച്ചു. കടംകാരണം ആത്മഹത്യയുടെ വക്കിലാണെന്നും ഇതിലും നല്ലത് നെഞ്ചത്ത് വണ്ടി കയറ്റി കൊല്ലുകയാണെന്നും കടയുടമ പറഞ്ഞു. പ്രതിഷേധം കടുത്തതോടെ പിഴ ഒഴിവാക്കി മുന്നറിയിപ്പ് മാത്രം നല്‍കി സെക്ടറൽ മജിസ്ട്രേറ്റ് മടങ്ങുകയായിരുന്നു.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള മനുഷ്യത്വ രഹിതമായ സമീപനങ്ങൾ ചർച്ചയാകുന്നതിനിടെയാണ് പഴയ വൈത്തിരിയിലെ ഈ പുതിയ സംഭവം.