ശ്രീകണ്ഠപുരം:
അലക്സ് നഗർ പാലം നിർമാണം തുടങ്ങിയിട്ട് 4 വർഷം കഴിഞ്ഞിട്ടും എവിടെയും എത്തിയില്ല. സമീപത്തെ അപകടാവസ്ഥയിലുള്ള തൂക്കുപാലത്തിലൂടെ ജീവൻ പണയം വച്ച് യാത്ര ചെയ്യുമ്പോഴും കോൺക്രീറ്റ് പാലം യാഥാർഥ്യമാകാത്തതിലുള്ള പ്രതിഷേധത്തിലാണ് ഇരുകരകളിലും താമസിക്കുന്നവർ. 2017 ഫെബ്രുവരിയിൽ നിർമാണം തുടങ്ങിയതാണ്.
ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന വ്യവസ്ഥയിൽ നിർമാണം തുടങ്ങിയ പാലം 4 വർഷം കഴിഞ്ഞിട്ടും പകുതി പോലും പൂർത്തിയായില്ല.ലോക്ഡൗൺ നിയന്ത്രണങ്ങളിലും ജില്ലയിൽ അലക്സ് നഗർ പാലം ഉൾപ്പെടെ 6 പാലങ്ങളുടെ പണി നടത്താൻ പിഡബ്ല്യുഡി നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ ഒരു മാസം മാത്രമാണ് പണി നടന്നത്.
109 മീറ്റർ നീളമുള്ള പാലത്തിന് വേണ്ട ആറ് തൂണുകളുടെ പകുതി മാത്രമാണ് പൂർത്തിയായത്. നിർമാണം നിലച്ചതോടെ തൂണുകളുടെ കമ്പികളെല്ലാം തുരുമ്പെടുത്ത നിലയിലാണ്. പല ഭാഗങ്ങളിലും കാടുകയറിയിട്ടുണ്ട്.
കുടിയേറ്റ പ്രദേശമായ അലക്സ് നഗറിനെയും കാഞ്ഞിലേരിയേയും ബന്ധിപ്പിക്കുന്ന പാലമാണിത്. 10.10 കോടി ചെലവിലാണ് നിർമാണം. ഡെൽകോൺ എൻജിനീയറിങ് ലിമിറ്റഡിനാണ് നിർമാണ ചുമതല.
നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ചാണ് മുൻ എംഎൽഎ കെ സി ജോസഫ് മുൻകൈയെടുത്ത് ഇവിടെ പാലം അനുവദിപ്പിച്ചത്. അലക്സ് നഗർ പാലം വരുന്നതോടെ കാഞ്ഞിലേരി, മൈക്കിൾഗിരി, ഇരൂഡ് ഭാഗങ്ങളിൽ ഉള്ളവർക്ക് ഐച്ചേരി, പയ്യാവൂർ, ശ്രീകണ്ഠപുരം ഭാഗങ്ങളിൽ എത്താൻ എളുപ്പമാർഗമാകും.നിലവിൽ സമീപത്തുള്ള തൂക്കു പാലമാണ് പ്രദേശത്തെ ജനങ്ങളുടെ ഏക യാത്രാമാർഗം.
ഈ പാലം നിലംപതിക്കുന്ന സ്ഥിതിയിൽ എത്തിയിട്ടുണ്ട്. ഇതോടൊപ്പം നടക്കേണ്ട അലക്സ് നഗർ ചെരിക്കോട് ഐച്ചേരി റോഡിന്റെ വികസന പ്രവൃത്തികളും ആരംഭിച്ചിട്ടില്ല. വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവൃത്തി നീണ്ടു പോയതിനെ പറ്റി അധികൃതർ മൗനം നടിക്കുകയാണ്.