Wed. Jan 22nd, 2025
കോഴിക്കോട്:

ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ഇതര രോഗികളുടെ എണ്ണം കൂടുമ്പോഴും പിജി ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ കുറവ് ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നു. മുതിർന്ന ഡോക്ടർമാർക്കു പുറമേ രോഗികളുടെ ആരോഗ്യപ്രശ്നങ്ങൾ വിശദമായി മനസ്സിലാക്കി ചികിത്സയിൽ പ്രധാന പങ്കുവഹിക്കുന്നത് പിജി ഡോക്ടർമാരാണ്. മുതിർന്ന ഡോക്ടർമാരിൽ ചിലർ ഇവിടെയും മറ്റു മെഡിക്കൽ കോളേജുകളിലും പരീക്ഷാ ഡ്യൂട്ടിയിലുമാണ്.

3 മാസം മുൻപുവരെ 605 പിജി ഡോക്ടർമാർ ഉണ്ടായിരുന്നത് ഇപ്പോൾ 378 ആയി ചുരുങ്ങി. ഹൗസ് സർജൻമാർ ഉൾപ്പെടെ നോൺ അക്കാദമിക് ജൂനിയർ റസിഡന്റുമാരായി 250 പേരുണ്ടായിരുന്നിടത്ത് ഇപ്പോൾ 30 പേരാണുള്ളത്. പിജി ഡോക്ടർമാരിൽ 70 പേർ കൊവിഡ് വാർഡുകളിൽ ഡ്യൂട്ടിയിലാണ്.

1350 രോഗികളാണ് കിടത്തിച്ചികിത്സയിലുള്ളത്. പ്രതിദിനം 2000 മുതൽ 2500 വരെ പേർ ഒപികളിൽ ചികിത്സ തേടുന്നു. ഇപ്പോഴും അടിയന്തരസാഹചര്യത്തിലുള്ളവരെയാണ് ആശുപത്രിയിൽ കിടത്തുന്നത്.

പല വാർഡുകളും കൊവിഡുകാർക്കായി മാറ്റിയതിനാൽ മറ്റു രോഗികളുടെ കിടത്തിച്ചികിത്സയ്ക്കു മതിയായ സ്ഥലമില്ലാത്ത സാഹചര്യമുണ്ട്. പല മെഡിസിൻ വാർഡുകളിലും രോഗികൾ നിലത്തുവരെയാണ് കിടക്കുന്നത്. 10 വാർഡുകളാണ് കോവിഡുകാർക്കായി മാറ്റിവച്ചത്.

ഒരു വാർഡിൽ ശരാശരി 30 രോഗികളെ പ്രവേശിപ്പിക്കും. 3 ഹൗസ് സർജൻമാർ, 3 പിജിക്കാർ എന്നിങ്ങനെയാണ് കൊവിഡ് വാർഡിൽ നിയോഗിക്കുന്നവരുടെ കണക്ക്. എന്നാൽ കൊവിഡ് അല്ലാത്ത രോഗികളെ കിടത്തിയ വാർഡുകളിൽ ഇതിന്റെ ഇരട്ടിയിലേറെപ്പേരെയാണ് പ്രവേശിപ്പിക്കുന്നത്.

ഇവരുടെയെല്ലാം ചികിത്സയ്ക്കു മതിയായ ഡോക്ടർമാരില്ലാത്ത സാഹചര്യമാണ്. നോൺ അക്കാദമിക് ജൂനിയർ ഡോക്ടർമാരുടെ കാലാവധി 3 മാസം കഴിഞ്ഞപ്പോൾ വീണ്ടും നീട്ടി നൽകിയെങ്കിലും പലരും വീണ്ടും ജോലിക്കു കയറാൻ തയാറല്ലാത്തതിനാൽ അവരെ നിയമിക്കുന്നത് ഒഴിവാക്കി. പകരം, അവസാന വർഷ എംബിബിഎസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികളെ ഫലം വരും മുൻപേ പരിശീലനത്തിന്റെ ഭാഗമായി നിയമിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. കഴിഞ്ഞ ഒന്നിന് എത്താൻ നിർദേശിച്ചെങ്കിലും ആരും എത്തിയിട്ടില്ല.