ഊർങ്ങാട്ടിരി:
സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപന തോത് ഉയരുമ്പോഴും കൊവിഡിന് പിടികൊടുക്കാത്ത ഇടമാണ് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ കൊടുംപുഴ ആദിവാസി കോളനി. കോളനിയിൽ ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.
മുതുവാൻ വിഭാഗത്തിൽപ്പെട്ട 35 കുടുംബങ്ങളിലായി നൂറോളം പേരാണ് വനമേഖലയിലുള്ള ഈ കോളനിയിൽ താമസിക്കുന്നത്. പ്രധാന ഉപജീവനമാർഗം വനത്തിലെ കൃഷിയായതിനാൽ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് ഇവർ പുറംനാട്ടിലേക്കെത്തുന്നത്. ആരോഗ്യ വകുപ്പ് നേതൃത്വത്തിൽ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളിലെത്തി കോളനിയിലെ 18 വയസ്സ് പൂർത്തിയാക്കിയ ഭൂരിപക്ഷം പേരും കൊവിഡ് വാക്സിൻ സ്വീകരിച്ചതായി വാർഡംഗം ജിനേഷ് പറഞ്ഞു. കൊവിഡ് പ്രതിസന്ധിയിൽ ഇവരെ സഹായിക്കാൻ നിരവധി പേർ രംഗത്തെത്തിയിരുന്നു.