കോഴിക്കോട്:
തമിഴ്‌നാടുമായി ജില്ലയുടെ ബന്ധം അതിവേഗത്തിലാക്കാൻ ഹരിതപാത. പാലക്കാട്ടുനിന്നാരംഭിച്ച് കോഴിക്കോട്ടെത്തുന്ന രീതിയിലാണ് ഭാരത്‌മാല പദ്ധതിയിലുൾപ്പെടുത്തി റോഡ് നിർമിക്കുക. കൂടുതൽ വേഗത്തിൽ പാലക്കാട് വഴി തമിഴ്‌നാട്ടിലേക്ക് പോകാം. പ്രാഥമിക നടപടികൾക്ക് തുടക്കമായി.
ഏറ്റെടുക്കേണ്ട ഭൂമിയിൽ ധാരണയായി. സ്ഥലമേറ്റെടുക്കാൻ വിജ്ഞാപനമിറങ്ങി. തുടർ നടപടികൾക്കായി ഡെപ്യൂട്ടി കലക്ടർമാർക്കോ സ്‌പെഷ്യൽ തഹസിൽദാർമാർക്കോ ചുമതല നൽകും.
പാലക്കാട് ജില്ലയിലാണ് അധികം സ്ഥലം (-250 ഹെക്ടർ) ഏറ്റെടുക്കേണ്ടി വരിക. മലപ്പുറത്ത് 243 ഉം കോഴിക്കോട്ട് 30 ഉം ഹെക്ടർ ഭൂമി ദേശീയപാത അതോറിറ്റിക്ക് കൈമാറണം. ജനവാസ കേന്ദ്രങ്ങളെയും ടൗണുകളെയും ഒഴിവാക്കും. കോഴിക്കോട്–രാമനാട്ടുകര – പാലക്കാട് ദേശീയപാതയിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.
പാലക്കാട് ബൈപാസിൽ നിന്നാരംഭിക്കുന്ന പാത പന്തീരാങ്കാവിലെത്തി ദേശീയപാതയിലേക്ക് പ്രവേശിക്കും. 123 കിലോമീറ്റർ ദൂരം. 45 മീറ്റർ വീതി. മുണ്ടൂർ, കല്ലടിക്കോട്, തെങ്കര വഴി മലപ്പുറം ജില്ലയിലെ ഭൂവൂർ, കാരക്കുന്ന്, ചെമ്രക്കാട്ടൂർ, വാഴക്കാട്, വാഴയൂർ വില്ലേജുകളിലൂടെ ചാലിയാർ കടന്ന് കോഴിക്കോട്ടെത്തും.
പെരുമണ്ണ വില്ലേജിലെ കുഴിമ്പാട്ടിൽ, പെരുമണ്ണ അങ്ങാടി, പുത്തൂർ, അത്തോളി മേഖലകളിലൂടെ സഞ്ചരിച്ച് പന്തീരാങ്കാവിലെത്തി ദേശീയപാതയിലേക്ക് പ്രവേശിക്കും. പാലക്കാട്–കോഴിക്കോട് യാത്രക്കാവശ്യമായ സമയം കുറയ്‌ക്കാമെന്നതാണ് പ്രധാന നേട്ടം.