ചെറുവത്തൂർ:
ലോക പ്രശസ്‌ത സസ്യ ശാസ്‌ത്രജ്ഞൻ ജപ്പാനിലെ അകിറ മിയാവാക്കി വിടപറഞ്ഞെങ്കിലും ജില്ലയിൽ എന്നും അദ്ദേഹത്തിന്റെ ഓർമകളുണ്ടാവും. ചെറുവത്തൂർ കാവുംചിറ കൃത്രിമ ദ്വീപിലെ മിയാവാക്കി വനമാണ് അദ്ദേഹത്തിന്റെ സ്‌മാരകമായി നിലനിൽക്കുക. മിയാവാക്കി തിങ്കളാഴ്‌ചയാണ് മരണപ്പെട്ടത്.
ഇദ്ദേഹം വികസിപ്പിച്ചെടുത്ത വനവൽക്കരണ പദ്ധതി, സ്വന്തം പേരിലാണ് അറിയപ്പെടുന്നത്. ഈ രീതി കേരളത്തിൽ നടപ്പാക്കിയിട്ടുണ്ടെങ്കിലും ജില്ലയിൽ ആദ്യമായി നടപ്പാക്കിയത് കാവുംചിറ ദ്വീപിലാണ്.ജാപ്പനീസ് മാതൃകയിലുള്ള ഒരു പ്ലാന്റിങ് രീതിയാണിത്.
ഭൂമിയുടെയും മണ്ണിന്റെയും സ്വഭാവം അനുസരിച്ച് കുഴി കുത്തി ലെയർ ആയി ചാണകവും ബാക്കി കമ്പോസ്റ്റു വളവും നൽകി മുകളിൽ അവസാനത്തെ ഒരടി മാത്രം മണ്ണ് ഇടും. പിന്നീട് മണ്ണിളക്കി തൈകൾ നടുന്നു. ഒരു ചതുരശ്ര മീറ്ററിൽ മൂന്ന് മുതൽ അഞ്ചുവരെ തൈകൾ വരുന്ന രീതിയിൽ ഇടതിങ്ങിയാണ് തൈ നടുന്നത്.
പലതരം മരങ്ങൾ ഇടകലർത്തിയാണ് നടുക. ഏകദേശം ആറുമാസംകൊണ്ട് മരങ്ങൾ വളർന്ന് കാടിന്റെ രൂപം പ്രാപിക്കും. ചെറിയ ചെറിയ സ്ഥലങ്ങൾ പോലും ഉപയോഗപ്പെടുത്താനാവും. 100 വർഷം പഴക്കമുള്ള കാടുകൾക്ക് സമാനമായ കാട് പത്തുവർഷം കൊണ്ട് സൃഷ്ടിക്കാൻ കഴിയും.