Sun. Nov 17th, 2024

കൽപ്പറ്റ:

ലോഹത്തകിടിൽ നിർമിച്ച മനോഹര ചിത്രങ്ങളുമായി കാർത്തിക അരവിന്ദ്‌ ഏഷ്യൻ ബുക്ക്‌ ഓഫ്‌ റെക്കോർഡ്‌സിലേക്ക്‌. മെറ്റൽ എൻഗ്രേവിങ്‌ എന്ന വിദ്യയിലൂടെ മനുഷ്യരുടെയും ദൈവങ്ങളുടെയും പ്രകൃതിയുടെയും നൃത്തരൂപങ്ങളുടെയും ഛായാചിത്രങ്ങൾ ലോഹങ്ങളിൽ കൊത്തിയുണ്ടാക്കിയാണ്‌ കാക്കവയൽ കോലമ്പറ്റയിലെ കാർത്തിക ഏഷ്യൻ ബുക്ക്‌ ഓഫ്‌ റെക്കോർഡ്‌സിലും ഇന്ത്യാ ബുക്ക്‌ ഓഫ്‌ റെക്കോർഡ്‌സിലും ഇടംകണ്ടെത്തി ഇരട്ട നേട്ടം കൈവരിച്ചത്‌. ലോഹത്തകിടിയിൽ കറുത്തനിറം തേച്ച്‌ വെള്ളിവരകൾ ചെറിയ ഉളികൾകൊണ്ട്‌ ചാരുതയോടെ കൊത്തി ഈ മിടുക്കിയുണ്ടാക്കുന്ന സുന്ദര രൂപങ്ങൾ ആകർഷകമാണ്‌.

ക്ലാസിക്കൽ നൃത്തരൂപങ്ങൾ, പ്രകൃതി ദൃശ്യങ്ങൾ, ഇതിഹാസ കഥാപാത്രങ്ങൾ തുടങ്ങി ഏത്‌ പ്രമേയവും കാർത്തികയ്‌ക്ക്‌ വഴങ്ങും. വരച്ചുതുടങ്ങിയ ചിത്രങ്ങൾ തുടച്ചുമാറ്റാൻ കഴിയാത്തതിനാൽ അതീവ ശ്രദ്ധ ഈ നിർമിതിക്ക്‌ ആവശ്യമാണ്‌. 45 ചിത്രങ്ങൾ ഇതിനകം തീർത്തിട്ടുണ്ട്‌.

എട്ടാം ക്ലാസ്‌ മുതൽ ശിൽപ്പനിർമാണം ആരംഭിച്ചിരുന്നു. അടിസ്ഥാന പരിശീലനത്തിനുശേഷം കഠിന പ്രയത്‌നത്തിലൂടെയാണ്‌ ഉയരങ്ങൾ കീഴടക്കിയത്‌. അധ്യാപക ദമ്പതികളായ അരവിന്ദിന്റെയും പ്രസീതയുടെയും മകളായ കാർത്തിക ഡൽഹി മിരാൻഡാഹൗസ്‌ കോളേജിലെ അവസാന വർഷ ഭൗതികശാസ്‌ത്ര വിദ്യാർഥിയാണ്‌.