Sat. Jan 18th, 2025
തിരുവനന്തപുരം:

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിവിധ സ്മാർട്ട്സിറ്റി പദ്ധതികൾ പൂർത്തീകരണത്തിലേക്ക്‌. വൈദ്യുതി ദീപാലങ്കാരങ്ങളോടെ മനോഹരമാക്കിയ തമ്പാനൂരിലെ പൊന്നറ ശ്രീധർ പാർക്ക് ഉദ്‌ഘാടനത്തിന്‌ സജ്ജമായി. പന്ത്രണ്ടിടത്ത്‌ വാട്ടർ കിയോസ്‌കും പൂർത്തീകരണത്തി​ൻ്റെ വക്കിലാണ്.

നാലിടത്ത്‌ മൊസ്ക്വിറ്റോ ഡെൻസിറ്റി സംവിധാനവുമൊരുക്കി. പുത്തരിക്കണ്ടം, പാളയം, തമ്പാനൂർ എന്നിവിടങ്ങളിലെ ബഹുനില കാർ പാർക്കിങ് സംവിധാനത്തിന്റെയും മ്യൂസിയം ജങ്‌ഷനിൽ ആർകെവി റോഡിലെ വെൻഡിങ്‌ സോൺ നിർമാണവും ആരംഭിച്ചു. സ്മാർട്ട്സിറ്റി പദ്ധതിക്ക്‌ പുറമേയുള്ള പ്രധാന പ്രവൃത്തികളും യാഥാർഥ്യമാകുകയാണ്‌.

കിഴക്കേകോട്ടയിൽ കാൽനടക്കാർക്കായി നിർമിക്കുന്ന മേൽപ്പാലത്തിൻ്റെ പകുതിയിലേറെ പ്രവൃത്തി പൂർത്തിയായി. ചൊവ്വാഴ്‌ച രാവിലെ 10.30ന് മേയർ പുരോഗതി വിലയിരുത്തും. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 2021-22ലെ വാർഷികപദ്ധതി പ്രവർത്തനങ്ങളും വേഗത്തിൽ നടക്കുന്നു. ഈ സാമ്പത്തികവർഷം നൂറു ശതമാനം പദ്ധതിത്തുകയും ചെലവഴിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.

By Divya