Mon. Dec 23rd, 2024
കോഴിക്കോട്:

കോഴിക്കോട് തുഷാരഗിരിയിലെ പരിസ്ഥിതിലോല ഭൂമി ഉടമകൾക്ക് വിട്ടുനല്‍കാന്‍ ഇടയാക്കിയത് വനംവകുപ്പ് സുപ്രീംകോടതിയില്‍ ഒത്തുകളിച്ചതിനാലെന്ന് ആക്ഷേപം. കേസില്‍ സുപ്രീംകോടതിയില്‍ വാദം പോലും അവതരിപ്പിക്കാത്ത വനംവകുപ്പ് ഇപ്പോഴും പഞ്ചായത്തിലെ മറ്റ് കർഷകരുടെ ഭൂമി ഇഎഫ്എല്‍ നിയമപ്രകാരം ഏറ്റെടുക്കുന്നത് ദുരൂഹമാണെന്ന് കോടഞ്ചേരി പഞ്ചായത്ത് ഭരണസമിതി ആരോപിച്ചു. ഭൂമി കൈമാറാനുള്ള നടപടിക്കെതിരെ സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹർജി നല്‍കാനൊരുങ്ങുകയാണ് പരിസ്ഥിതി സംഘടനകൾ.

തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടവും വനംവകുപ്പ് സ്ഥാപിച്ച ടിക്കറ്റ് കൗണ്ടറും ഉൾപ്പെടുന്ന 24 ഏക്കർ ഭൂമിയാണ് സുപ്രീംകോടതി മൂന്ന് ഉടമകൾക്ക് തിരിച്ചു നല്‍കാനുത്തരവിട്ടത്. ഈരാറ്റുമുക്ക്, മഴവില്‍ വെള്ളച്ചാട്ടങ്ങളോട് ചേർന്ന പരിസ്ഥിതിലോല പ്രദേശമാണിത്. 20 വർഷം മുന്‍പുവരെ കൃഷിയാവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന സ്ഥലം ഇതിനോടകം നിബിഡ വനമായി മാറിയിട്ടുണ്ട്.

2000 ലാണ് ഇഎഫ്എല്‍ നിയമപ്രകാരം തുഷാരഗിരിയിലെ ഒന്നും രണ്ടും വെള്ളച്ചാട്ടങ്ങളോടുചേർന്ന 540 ഏക്കർ ഭൂമി വനംവകുപ്പ് ഇഎഫ്എല്‍ നിയമപ്രകാരം വനംവകുപ്പ് ഏറ്റെടുക്കുന്നത്. ഇതിനെതിരെ 3 ഭൂഉടമകൾ കോടതിയെ സമീപിച്ചു. ഇരുപത് വ‌ർഷത്തോളം നീണ്ട നിയമപോരാട്ടത്തില്‍ വനംട്രിബ്യൂണലിലും ഹൈക്കോടതിയിലും വനംവകുപ്പ് കേസ് തോറ്റു.

ഭൂമി വിട്ടുനല്‍കാത്തതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ഉടമകളുടെ ഹർജിയില്‍ വനംവകുപ്പ് വാദങ്ങൾ സമർപ്പിച്ചില്ല. തുടർന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ നാല് മാസത്തിനകം ഇവരുടെ 24 ഏക്കർ ഭൂമി ഉടമകൾക്ക് വിട്ട് നല്‍കണമെന്ന് സുപ്രീംകോടതിയും ഉത്തരവിട്ടു. വൈകാതെ സർവേ നടപടികൾ പൂർത്തിയാക്കി ഭൂമി ഉടമകൾക്ക് കൈമാറാനാണ് വനംവകുപ്പിന്‍റെ നീക്കം.

ഇത് ഒത്തുകളിയാണെന്നാണ് ആരോപണം ഉയരുന്നത്.ഭൂമി കൈമാറികിട്ടിയാല്‍ ഉടമകൾ ഖനനത്തിനായി ഉപയോഗിക്കുമോയെന്ന ആശങ്കയും ഉയർന്ന സാഹചര്യത്തിലാണ് കേരള നദീസംരക്ഷണ സമിതി സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹർജി നല്‍കുന്നത്. അതേസമയം ഭൂമി കൈമാറുന്നതിനായുള്ള നടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ലെന്നും, കോടതി ഉത്തരവനുസരിച്ച് നടപടികളെടുക്കുമെന്നുമാണ് കോഴിക്കോട് ഡിഎഫ്ഒയുടെ പ്രതികരണം.