Wed. Nov 6th, 2024

ചാലക്കുടി:

പോത്തുകല്ലിൽ കുടിൽകെട്ടി താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക്  കാട്ടാനശല്യത്തിന് പരിഹാരമായി ഒരു മാസത്തിനുള്ളിൽ വൈദ്യുതവേലി നിർമിച്ച് നല്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ.  താമസസ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വീടുകളിലേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള നടപടി ത്വരിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തുടർന്ന് മറ്റാവശ്യങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു. കുടിൽകെട്ടി താമസിക്കുന്നവർക്ക് പ്രാഥമികാവശ്യത്തിനായി ഉടൻ പോർട്ടബിൾ ബാത്ത് റൂം ഒരുക്കുമെന്ന് നേരത്തേ  കലക്ടർ ഉറപ്പ് നല്കിയിരുന്നു.

പ്രളയത്തെത്തുടർന്നാണ് 25 കുടുംബങ്ങൾ വീടുകൾ ഉപേക്ഷിച്ച് പാറപ്പുറത്ത് അഭയം പ്രാപിച്ചത്. പിന്നീട് ഇവർക്ക്  പോത്തുകല്ലിൽ സ്ഥലം നല്കാൻ വനംവകുപ്പ് തീരുമാനിച്ചു. ഔദ്യോഗിക തീരുമാനം വരുംമുമ്പേ കുടുംബങ്ങൾ ഇവിടെ താമസം ആരംഭിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ബി ഡി ദേവസി, സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകൻ, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ റിജേഷ്, ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി ജോസ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

By Rathi N