Thu. Jan 23rd, 2025
കണ്ണൂർ:

കൊവിഡിനെ പ്രതിരോധിക്കുന്നതിൽ ഫലപ്രദമായ മാർഗം രോഗബാധിത പ്രദേശങ്ങളെ കണ്ടെയ്‌ൻമെന്റ് സോണുകളായി തിരിച്ച് കർശന നിയന്ത്രണം ഏർപ്പെടുത്തലാണെന്ന് കേന്ദ്ര പ്രതിനിധി സംഘം. ഇതുൾപ്പെടെ, കൊവിഡ് പ്രതിരോധത്തിൽ മാതൃകാപ്രവർത്തനമാണ് ജില്ലയിൽ നടക്കുന്നതെന്നും അവർ പറഞ്ഞു. കണ്ടെയ്‌ൻമെന്റ് സോണുകൾ സന്ദർശിച്ചശേഷം കലക്ടറുടെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മൂന്നാംതരംഗത്തെ നേരിടാൻ ശക്തമായ പ്രതിരോധ നടപടികളാണ് പ്രധാനം. വാക്സിനേഷൻ പൂർത്തിയായാൽപോലും അത് സമ്പൂർണ പ്രതിരോധം നൽകുമെന്ന് പറയാനാവില്ല. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ കണ്ടെയ്‌ൻമെന്റ് സോണുകളായി തിരിച്ച് നിയന്ത്രണം ശക്തിപ്പെടുത്തുക മാത്രമാണ് ഫലപ്രദമായ മാർഗം.

ഗ്രാമ പ്രദേശങ്ങളിൽ കുറ്റമറ്റ രീതിയിലാണ് കണ്ടെയ്‌ൻമെന്റ് പ്രവർത്തനം നടക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്താനായതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഡിഎം സെൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ പി രവീന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ ജില്ലയെ അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു. നിയന്ത്രണം പാലിക്കുന്നതിൽ നല്ല ജാഗ്രതയും പ്രതിബദ്ധതയുമാണുള്ളത്‌, അദ്ദേഹം പറഞ്ഞു.

ഹോംകെയർ സംവിധാനം കുറേക്കൂടി കർശനമാക്കണം. മൂന്നാം തരംഗം ഉണ്ടാവാനുള്ള സാധ്യത മുന്നിൽക്കണ്ട് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ ഐസിയു പ്രവേശനം നിരന്തരം നിരീക്ഷിക്കണം സംഘം നിർദേശിച്ചു.ഞായറാഴ്ച വൈകിട്ടോടെഎത്തിയ സംഘം കലക്ടർ ടി വി സുഭാഷുമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും കലക്ടറേറ്റിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡോ പി രവീന്ദ്രനു പുറമെ, കോഴിക്കോട് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അഡീഷണൽ ഡയറക്ടർ ഡോ കെ രഘുവും കേന്ദ്ര സംഘത്തിലുണ്ടായിരുന്നു.

അഞ്ചരക്കണ്ടി, എളയാവൂർ പ്രദേശങ്ങളിലെ കണ്ടെയ്‌ൻമെന്റ് സോണുകളും കണ്ണൂർ ഗവ മെഡിക്കൽ കോളേജുമാണ് സംഘം സന്ദർശിച്ചത്. അസി കലക്ടർ മുഹമ്മദ് ശഫീഖ്, ഡെപ്യൂട്ടി ഡിഎംഒ ഡോ എം പ്രീത, ഡിപിഎം ഡോ പി കെ അനിൽ കുമാർ തുടങ്ങിയവർ സംഘത്തോടൊപ്പമുണ്ടായി. സംഘം കണ്ണൂർ ഗവ മെഡിക്കൽ കോളേജിലെ സൗകര്യങ്ങൾ വിലയിരുത്തി. സൂപ്രണ്ട് ഡോ കെ സുദീപ്, ഡോ എസ് അജിത്, ഡോ എ കെ ജയശ്രീ എന്നിവരുമായി ചർച്ച നടത്തി.