Wed. Jan 22nd, 2025
കോഴിക്കോട്:

അമ്പത്തിരണ്ട് ദിവസം നീണ്ട് നിന്ന ട്രോളിംഗ് നിരോധനത്തിന് ശേഷം കേരളത്തിലെ ഹാർബറുകൾ സജീവമായി. ശനിയാഴ്ച അർധരാത്രിയോടെയാണ് ട്രോളിംഗ് നിരോധനം അവസാനിച്ചത്. ട്രോളിംഗ് നിരോധനം കഴിഞ്ഞ ഉടനെ ബോട്ടുകൾ കടലിലേക്ക് പോയെങ്കിലും ഇന്നലെ ഹാർബറിൽ വില്പന അനുവദിച്ചിരുന്നില്ല.

വാരാന്ത്യ ലോക്ക്ഡൗൺ ആയതിനാലാണ് വിൽപ്പന അനുവദിക്കാഞ്ഞത്.ലോക്ക് ഡൗണും പ്രതികൂല കാലാവസ്ഥയെ തുടർന്നുണ്ടായ നിയന്ത്രണങ്ങളും മൂലം വറുതിയിലായിരുന്ന തൊഴിലാളികൾ പ്രതീക്ഷയോടെയാണ് വള്ളവും ബോട്ടുകളും ഇറക്കിയത്. ഇന്ന് മുതൽ ഹാർബർ തുറന്നതോടെ വലിയ പ്രതീക്ഷയിലാണ് മത്സ്യ തൊഴിലാളികൾ.

ഹാർബറുകൾ തുറന്നതോടെ നിരവധി പേർ അവിടേക്ക് എത്തിച്ചേരുന്നുണ്ട്. കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഹാർബറുകളുടെ പ്രവർത്തനം.ഒരാഴ്ചയോളം കടലിൽ തങ്ങാനുള്ള ഒരുക്കങ്ങളോടെയാണ് പല ബോട്ടുകളും പോയിരിക്കുന്നത്.

കൂടുതൽ മത്സ്യം എത്തിത്തുടങ്ങുന്നതോടെ മത്സ്യവിലയും താഴ്ന്നേക്കും. ജില്ലയിലെ മൊത്തവിതരണക്കാർ കൊച്ചി, കൊല്ലം ഹാർബറുകളെയും ആശ്രയിക്കുന്നുണ്ട്.കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ട്രോളിംഗ് നിരോധനം മത്സ്യ തൊഴിലാളികളെ പ്രതികൂലമായി ബാധിച്ചിരുന്നു.

മത്സ്യ സമ്പത്തിലുള്ള കുറവും മത്സ്യ തൊഴിലാളികളെ സാരമായി ബാധിച്ചിരുന്നു. ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ പ്രതികൂല സാഹചര്യങ്ങളെ മറികടക്കാൻ കഴിയുമെന്ന വിശ്വാസത്തോടെയാണ് മത്സ്യ തൊഴിലാളികൾ ഈ 52 ദിവസവും കഴിഞ്ഞത്.
എന്നാൽ ഇന്ധന വിലയിലെ വർധനവും കയറ്റുമതിയിലെ പ്രതിസന്ധിയും ഈ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.

ഇന്ധന വിലയിലെ വർദ്ധനവ് മത്സ്യബന്ധന മേഖലയിൽ വലിയൊരു ആഘാതം സൃഷ്ടിച്ചുവെന്നാണ് ബോട്ടുടമകൾ പറയുന്നത്. കേരളത്തിൽ നിന്നും പിടിക്കുന്ന മൽസ്യങ്ങളുടെ 20 ശതമാനത്തിലധികവും ചൈനയിലേക്കായിരുന്നു കയറ്റുമതി ചെയ്തിരുന്നത്. ഇന്ത്യയും ചൈനയുമായുള്ള ബന്ധത്തിലെ ഉലച്ചിൽ മൂലം കയറ്റുമതിയിൽ പ്രതിസന്ധി നേരിടുകയാണ്.