Mon. Dec 23rd, 2024
കോഴിക്കോട്:

കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസറുദ്ദീൻ. ഈ മാസം ഒമ്പതാം തിയതി മുതൽ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കും. പ്രശ്‍ന പരിഹാരം കാണാൻ സർക്കാരിന് ആവശ്യത്തിന് സമയം നൽകി.

സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് പാക്കേജ് അശാസ്ത്രീയമെന്നും നസറുദ്ദീൻ കോഴിക്കോട് പറഞ്ഞു. ലോക്ഡൗണിന് എതിരെ വ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. സര്‍ക്കാര്‍ തീരുമാനം അറിഞ്ഞ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.

അതേസമയം ടിപിആർ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ നിയന്ത്രണ രീതിക്ക് ബദലായുള്ള നിർദേശങ്ങൾ വിദഗ്ദ്ധ സമിതി ഇന്ന് സമർപ്പിക്കും. നാളെ ചേരുന്ന അവലോകനയോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയിന്‍മെന്‍റ് സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവും പ്രധാന നിർദേശം. വാരാന്ത്യ ലോക്ഡൗണ്‍ പിൻവലിക്കാനും ശുപാർശയുണ്ടാകും.

രോഗവ്യാപനം ഇല്ലാത്തയിടങ്ങളിൽ എല്ലാ ദിവസവും എല്ലാ കടകളും തുറക്കുക എന്നതാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രധാന നിർദേശം. പരിപൂർണ്ണമായി ഇളവുകൾ നൽകുന്നതിന് എതിരെ കേന്ദ്രം സ്വീകരിക്കുന്ന നിലപാടും സർക്കാർ പരിഗണിക്കും. എന്നാൽ ഓണക്കാലവും, നിയന്ത്രണങ്ങൾക്ക് എതിരായ പ്രതിഷേധവും കണക്കിലെടുത്തു കൂടുതൽ ഇളവുകൾക്ക് തന്നെയാണ് സാധ്യത.