Sat. Nov 23rd, 2024
മുക്കം:

ഇതരസംസ്ഥാന തൊഴിലാളികൾക്ക് 2018ലെ പ്രളയകാലത്ത് വിതരണം ചെയ്യാൻ എത്തിച്ച നൂറിലേറെ ചാക്ക് അരിയിൽ മൂന്നിലൊന്നും വിതരണം ചെയ്യാതെ ഉപയോഗശൂന്യമായതോടെ കുഴിച്ചൂമൂടി. കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പ് സാംസ്കാരിക നിലയത്തിൽ സൂക്ഷിച്ച അരിയാണു പുഴു കയറി ചാക്കു ദ്രവിച്ചതോടെ മണ്ണുമാന്തി ഉപയോഗിച്ചു കുഴിച്ചുമൂടിയത്. താലൂക്ക് സപ്ലൈ അധികൃതർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ അരിയുടെ സാംപിൾ നേരത്തേ സർക്കാർ ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു.

കന്നുകാലികൾക്കും പക്ഷികൾക്കും വരെ കൊടുക്കാൻ പറ്റില്ലെന്നായിരുന്നു ഫലം. അരി പുഴുവരിച്ചു ചാക്കുകൾ ദ്രവിച്ചു തുടങ്ങിയതോടെ കുഴിച്ചുമൂടാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയായിരുന്നു. പഞ്ചായത്തിൽ കഴി‍ഞ്ഞ ഇടതു ഭരണസമിതിയുടെ കാലത്താണ് ഇതരസംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ ജില്ലാ ഭരണകൂടം അരി എത്തിച്ചത്.

കുറച്ചൊക്കെ വിതരണം ചെയ്തെങ്കിലും ഏറിയപങ്കും വിതരണം ചെയ്യാതെ സാംസ്കാരിക നിലയത്തിൽ കെട്ടിക്കിടന്നു.
അന്നു പ്രതിപക്ഷത്തായിരുന്ന യുഡിഎഫ് അംഗങ്ങൾ, അരി വിതരണം ചെയ്യാത്തതിനെതിരെ രംഗത്ത് വന്നിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ നാടുകളിലേക്ക് പോയതിനാൽ വിതരണം ചെയ്യാൻ സാധിച്ചില്ലെന്നായിരുന്നു അധികൃതരുടെ വാദം.

യുഡിഎഫ് നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അധികാരത്തിൽ വന്ന ശേഷം, ഇതിൽ ഉപയോഗയോഗ്യമായ അരി വിതരണം ചെയ്തതായി പഞ്ചായത്തംഗം ഷാഹിന വലിയപറമ്പ് പറഞ്ഞു. അരിക്കു പുറമേ വിതരണത്തിനായി എത്തിച്ച പച്ചക്കറി വിത്തുകളും സാംസ്കാരിക നിലയത്തിൽ ഉപയോഗിക്കാൻ പറ്റാത്ത നിലയിൽ കണ്ടെത്തി.