Mon. Dec 23rd, 2024
അഞ്ചരക്കണ്ടി:

ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പു നടത്തുന്ന അജ്ഞാതസംഘം കൂടുതൽ സ്ഥലങ്ങളിൽ തട്ടിപ്പിനു ശ്രമം നടത്തിയതായി പൊലീസിനു വിവരം ലഭിച്ചു. കിണവക്കൽ, ചാലോട് എന്നിവിടങ്ങളിൽ സംഘം നടത്തിയ ശ്രമം ഹോട്ടൽ ജീവനക്കാരുടെ സമയോചിത ഇടപെടലിനെ തുടർന്നു പരാജയപ്പെടുകയായിരുന്നു. ഹോട്ടലിൽ ഭക്ഷണം ഓർഡർ ചെയ്താണു സംഘം തട്ടിപ്പിനു ശ്രമിച്ചത്. ഉയർന്ന ഉദ്യോഗസ്ഥരാണെന്നു പരിചയപ്പെടുത്തിയാണ് ഇവർ ഹോട്ടലിലേക്കു ഫോൺ ചെയ്യുക.

പിന്നീട് 5000 രൂപയ്ക്കു മുകളിൽ വിലയുള്ള ഭക്ഷണ സാധനങ്ങൾ ഓർഡർ ചെയ്യും. നിശ്ചിത സമയമായാൽ സാധനമെടുക്കാൻ വാഹനം അയച്ചതായി അറിയിക്കും. പിന്നാലെ വാഹനം അപകടത്തിൽ പെട്ടതായും ഓർഡർ ചെയ്ത സാധനങ്ങളുടെ വില ഓൺലൈൻ വഴി അയച്ചു തരാമെന്നും അറിയിക്കുന്നു.

ഇതിനായി എടിഎം കാർഡിന്റെ ഇരു വശത്തെയും ഫോട്ടോ അയച്ചു നൽകാൻ സംഘം ആവശ്യപ്പെടുന്നു. അഞ്ചരക്കണ്ടി സാജർ ഹോട്ടൽ ഉടമയിൽ നിന്ന് ഇപ്രകാരം എടിഎം കാർഡിന്റെ ഫോട്ടോ ആവശ്യപ്പെട്ടെങ്കിലും ഫോട്ടോ അയയ്ക്കാത്തതിനാൽ തട്ടിപ്പിൽ നിന്നു രക്ഷപ്പെടുകയായിരുന്നു.ഇതു സംബന്ധിച്ചു ഹോട്ടൽ ഉടമ പി പി പ്രിയകുമാർ കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകി.

കിണവക്കലിൽ ഇപ്രകാരം എടിഎം കാർഡിന്റെ ഫോട്ടോ ആവശ്യപ്പെട്ടു സംഘം ഫോൺ ചെയ്തത് ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ പൊലീസുകാരുടെ ശ്രദ്ധയിൽപെടുത്തുകയും പൊലീസ് തട്ടിപ്പു സംഘവുമായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. എന്നാൽ പൊലീസിനെ തിരിച്ചറിഞ്ഞ സംഘം ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.