Wed. Jan 22nd, 2025
കണ്ണൂർ:

കൊവിഡ് ചികിത്സയിൽ ഓക്സിജൻ ഉറപ്പുവരുത്താനുള്ള പദ്ധതികളുമായി ജില്ല അതിവേഗം മുന്നോട്ടുപോവുകയാണ്‌. ഒക്ടോബർ മാസത്തിൽ പ്രതീക്ഷിക്കുന്ന മൂന്നാം തരംഗത്തെ ഓക്സിജൻ ക്ഷാമമില്ലാതെ നേരിടാനുള്ള സജ്ജീകരണങ്ങളാണ് ഒരുങ്ങുന്നത്. ഓക്സിജൻ ഉല്പ്പാദനത്തിനും സംഭരണത്തിനുമായി പത്ത് പദ്ധതികളാണ് ജില്ലയിലെ വിവിധ സർക്കാർ ആശുപതിയിൽ നടപ്പാക്കുന്നത്.

ആരോഗ്യവകുപ്പും ജില്ലാ പഞ്ചായത്തും ജില്ലാ ദുരന്തനിവരണ അതോറിറ്റിയും ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ 6000 ലിറ്റര്‍ സംഭരണശേഷിയുള്ള ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്കാണ് ശനിയാഴ്ച മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്തത്. ജില്ലാ പഞ്ചായത്തിന്റെ 30 ലക്ഷം രൂപയും ‘കെയർ ഇന്ത്യ’ സന്നദ്ധ സംഘടനയുടെ പൊതുനന്മാ ഫണ്ടും ഉപയോഗിച്ചാണ് ടാങ്ക് സ്ഥാപിച്ചത്.

ബിപിസിഎൽ സഹകരണത്തോടെ ഓക്സിജൻ പ്ലാന്റ് (600 എൽപിഎം) രണ്ടാഴ്ചയ്‌ക്കകം നിർമാണം പൂർത്തിയാകും.കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ 9,000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് സ്ഥാപിച്ചു. 900 എൽപി എം ഉല്പ്പാദനശേഷിയുള്ള ഓക്സിജൻ പ്ലാന്റ് നിർമാണം പൂർത്തിയായി. തിങ്കളാഴ്ച ട്രയൽ റൺ നടക്കും.

ഓക്സിജൻ ഉല്പ്പാദനത്തിനായി ആറ് സർക്കാർ ആശുപത്രികളിൽ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. പയ്യന്നൂർ താലുക്ക് ആശുപത്രിയിൽ 1,000 എൽപിഎമ്മും തളിപ്പറമ്പ്, ഇരിട്ടി, കൂത്തുപറമ്പ് താലുക്ക് ആശുപത്രികളിലും മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയിലും തലശേരി ജനറൽ ആശുപത്രിയിലും 500 എൽപിഎം ശേഷിയുള്ള പ്ലാന്റുകളുമാണ് സ്ഥാപിക്കുന്നത്.എല്ലായിടത്തും പ്രഷർ വിങ് അബ്സോർപ്ഷൻ സാങ്കേതികവിദ്യയിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.

കെയർ ഇന്ത്യ സംഘം സ്ഥലം സന്ദർശിച്ചു. തലശേരി ജനറൽ ആശുപത്രിയിൽ 200 എൽപിഎം പ്ലാന്റ് നേരത്തെ സ്ഥാപിച്ചിട്ടുണ്ട്.
കൊവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിൽ മാതൃകാപരമായ പ്രവർത്തനമാണ് ജില്ല നടത്തിയത്.

ഓക്സിജൻ ആവശ്യമുള്ള രോഗികളുടെ എണ്ണം വർദ്ധിച്ച കാലയളവിന്റെ തുടക്കത്തിൽ രണ്ടു ദിവസം മാത്രമേ ചെറിയതോതിൽ ഓക്സിജൻ അപര്യാപ്തത നേരിട്ടുള്ളൂ. 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർറൂം സജീകരിച്ച് ജില്ലയിൽ മുഴുവൻ ആശുപത്രികളിലും ആവശ്യാനുസരണം ഓക്സിജൻ എത്തിക്കാൻ കഴിഞ്ഞു. സ്വകാര്യ ആശുപത്രികളിലും വാർ റൂം വഴിയാണ് ഓക്സിജൻ എത്തിച്ചത്.

ധർമശാലയിലെ ബാൽകോ എയർ പ്രൊഡക്ടിൽനിന്ന്‌ പുറപ്പെടുന്ന ഓക്സിജൻ വണ്ടി കൃത്യമായി ട്രാക്കുചെയ്ത് അടിയന്തര സാഹചര്യങ്ങളിൽ ഓക്സിജൻ ലഭ്യമാക്കി.കാസർകോട് ജില്ലയിൽ ഓക്സിജൻ ക്ഷാമം നേരിട്ടപ്പോൾ ബാൽകോയിൽനിന്ന് സിലിണ്ടറുകൾ എത്തിച്ചുനൽകി. നിലവിൽ പുരോഗമിക്കുന്ന പദ്ധതികൾ പൂർത്തിയാകുന്നതോടെ ജില്ല ഓക്സിജൻ ലഭ്യതയിൽ സ്വയംപര്യാപ്തമാകും.