Mon. Dec 23rd, 2024
നീലേശ്വരം:

കൊവിഡ് രോഗത്തെ കുറിച്ചുള്ള നോട്ടീസും പ്രതിരോധ ഗുളികകളുമടക്കമുള്ള മാലിന്യക്കെട്ടുകൾ അരയാക്കടവ് പാലത്തിൽ നിന്ന് തേജസ്വിനി പുഴയിലേക്ക് വലിച്ചെറിഞ്ഞ നിലയിൽ. ശനിയാഴ്ച വൈകീട്ട്​ നാലിനും 4.20നും ഇടയിലാണ് വെള്ളമാരുതി കാറിൽ വന്ന സംഘം മാലിന്യം പുഴയിലേക്ക് വലിച്ചെറിഞ്ഞ് സ്ഥലം വിട്ടത്. ഈ സമയത്ത് പുഴയിൽ മത്സ്യം പിടിക്കാൻ പോയവർ മാലിന്യം പുഴയിലേക്ക് വലിച്ചെറിഞ്ഞ ഉടൻ തന്നെ പാലത്തിൻറെ മുകളിലേക്ക് വന്നെങ്കിലും കാറുമായി വന്ന സംഘം സ്ഥലം വിടുകയായിരുന്നു.

മത്സ്യം പിടിക്കുന്നവർ ഉടൻ തോണിയുമായി പുഴയിലിറങ്ങി ഒഴുകി വരുന്ന മാലിന്യം ശേഖരിക്കുകയായിരുന്നു.
പ്ലാസ്​റ്റിക്​ കെട്ടിൽ ജില്ല മെഡിക്കൽ ഓഫിസിൻറെ കൊവിഡ് പരിശോധനക്ക്​ എത്തുന്നവർ പാലിക്കേണ്ട നിർദേശങ്ങൾ അടങ്ങിയ നോട്ടീസും ഉണ്ടായിരുന്നു. ഗുളികയുടെ കവറിന് പുറത്ത് കേരള സർക്കാർ സപ്ലൈസ്, നോട്ട് ഫോർ സെയിൽ എന്ന് എഴുതിയിട്ടുമുണ്ട്.

ബാക്കി സിറിഞ്ചുകളും മറ്റും പുഴയിൽ ഒഴുകിപ്പോവുകയാണുണ്ടായത്. അടുത്ത കാലത്തായി അരയാക്കടവ് പാലത്തിൽ നിന്ന് വാഹനങ്ങളിൽ വന്ന് മാലിന്യം വലിച്ചെറിയുന്നത് പതിവായിരിക്കയാണ്. രാത്രിയിലാണ് വാഹനങ്ങളിൽ വന്ന് മാലിന്യം തള്ളുന്നത്.