Sat. Apr 20th, 2024
കുറ്റിപ്പുറം:

2 ഡോസ് വാക്സീൻ എടുത്തയാളോട് ഒരു വാക്സീൻ കൂടി എടുക്കാ‍ൻ ആരോഗ്യവകുപ്പിന്റെ നിർദേശം. രണ്ടാമത്തെ ‍ഡോസ് വാക്സീൻ എടുത്തിട്ടും സർട്ടിഫിക്കറ്റ് ലഭിക്കാതായതോടെ ആശുപത്രിയിൽ എത്തിയപ്പോഴാണ് ആദ്യം എടുത്ത വാക്സീൻ രേഖപ്പെടുത്തിയിട്ടില്ലെന്നും ഒരു വാക്സീൻ കൂടി എടുക്കണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്.സംഭവം ചൂണ്ടിക്കാട്ടി കുറ്റിപ്പുറം സ്വദേശി കളരിക്കൽ നന്ദഗോപൻ ആരോഗ്യമന്ത്രിക്ക് പരാതി നൽകി.

സംഭവത്തെ കുറിച്ച് പരാതിക്കാരൻ പറയുന്നതിങ്ങനെ: ഏപ്രിൽ 9ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ നിന്ന് ആദ്യത്തെ കോവിഷീൽഡ് വാക്സീൻ എടുത്തു. ഇതിന്റെ കൂപ്പൺ കൈവശമുണ്ട്.രണ്ടാമത്തെ ഡോസ് അതേ ആശുപത്രിയിൽ നിന്ന് ഈമാസം 26ന് എടുത്തു.

അപ്പോൾ ലഭിച്ച മൊബൈൽ സന്ദേശത്തിൽ ആദ്യത്തെ ഡോസ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 2 വാക്സീനും എടുത്തശേഷം സർട്ടിഫിക്കറ്റ് ലഭിക്കാതായതോടെ ആശുപത്രിയെ സമീപിച്ചപ്പോഴാണ് ഏപ്രിൽ മാസത്തിൽ എടുത്ത വാക്സീന്റെ വിവരം വെബ്സൈറ്റിൽ അപ്‌ലോഡ് ആയിട്ടില്ലെന്നും ജൂലൈ മാസത്തിൽ എടുത്ത വാക്സീൻ ആദ്യ ഡോസായി കണക്കാക്കുമെന്നും അറിയിച്ചത്.

അടുത്ത ഡോസ് എടുത്താൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കൂ എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞതെന്ന് നന്ദഗോപൻ പരാതിപ്പെട്ടു. അടുത്തമാസം സിംഗപ്പൂരിനു പോകാനൂള്ളതിനാൽ 2 ഡോസ് വാക്സീൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും ആരോഗ്യമന്ത്രിക്ക് അയച്ച പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 2 ഡോസ് വാക്സീൻ എടുത്തശേഷം സർട്ടിഫിക്കറ്റിനായി ഇനി എങ്ങനെ മൂന്നാമത്തെ വാക്സീൻ എടുക്കുമെന്നും പരാതിക്കാരൻ ചോദിക്കുന്നു.