പാലക്കാട് ∙
മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് എബിവിപി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷാവസ്ഥ. ബാരിക്കേഡിനു മുകളിലൂടെ സിവിൽ സ്റ്റേഷനിലേക്കു ചാടിക്കയറിയ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു നീക്കി. സിവിൽ സ്റ്റേഷനു പുറത്തും വനിതകളടക്കമുള്ള പ്രവർത്തകരെ നീക്കാൻ പൊലീസിനു ബലംപ്രയോഗിക്കേണ്ടിവന്നു.
പൊലീസ് സംയമനം പാലിച്ചതിനാൽ ലാത്തിച്ചാർജ് ഒഴിവായി. പ്രകടനമായെത്തിയ പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറി അവിടെനിന്ന് കലക്ടറേറ്റ് വളപ്പിലേക്കു ചാടുകയായിരുന്നു. മാർച്ച് ജില്ലാ പ്രസിഡന്റ് എൻവി അരുൺ ഉദ്ഘാടനം ചെയ്തു.
മന്ത്രിയും മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയും രാജി വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സെക്രട്ടറി കെ വിവേക് അധ്യക്ഷനായി.
സംസ്ഥാന സമിതി അംഗം സി ശരത്ത്, ജില്ലാ കമ്മിറ്റി അംഗം എം ഗോകുൽ, കെ നമിത, വിസ്മയ മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി കെ വിവേക്, നഗർ സമിതി അംഗം വിഘ്നേഷ് രവീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം എം.ദൃശ്യക്, പാലക്കാട് നഗർ സെക്രട്ടറി എം സുധീഷ് എന്നിവർക്കു പരുക്കേറ്റതായി ഭാരവാഹികൾ അറിയിച്ചു.