Sun. Dec 22nd, 2024

കരുമാല്ലൂർ:

മാസ്ക്ക് ധരിക്കാത്തതിനെ ചോദ്യം ചെയ്​ത സെക്ടറൽ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും കൂടെയുണ്ടായ പൊലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ ആലുവ വെസ്റ്റ് ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് വെളിയത്തുനാട് കിടങ്ങപ്പള്ളിൽ വീട്ടിൽ റിയാസ് (47), വാലത്ത് വീട്ടിൽ സത്താർ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച ഉച്ചക്ക് 12ടെ കോട്ടപ്പുറം പെട്രോൾ പമ്പിന് സമീപമാണ് സംഭവം. കൊവിഡ് നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സെക്ടറൽ മജിസ്ടേറ്റ് പരിശോധന നടത്തുമ്പോഴാണ് കൃത്യമായി മാസ്ക്ക് ധരിക്കാതെ കൂട്ടം കൂടി നിൽക്കുന്ന ഇവരെക്കണ്ടത്.

മജിസ്ടേറ്റ് ഇവരോട് ശരിയായ രീതിയിൽ മാസ്ക്ക് ധരിക്കാൻ ആവശ്യപ്പെട്ടപ്പോൾ കയർക്കുകയും, അസഭ്യം പറയുകയുമായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥനെ മർദ്ദിക്കുകയും ചെയ്തു.

പിന്നിട് കൂടുതൽ പോലിസുദ്യോഗസ്ഥരെത്തിയാണ് ഇവരെ അറസറ്റ് ചെയ്തത്. എസ്ഐ മാരായ പിഎ വേണുഗോപാൽ, പിഎസ് അനിൽ, സിപിഒ മാരായ ഹാരിസ്, നിജാസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

By Rathi N