Thu. Mar 28th, 2024
തിരുവനന്തപുരം:

റേഷൻ കാർഡ് ഉടമകൾക്കു സൗജന്യമായി നൽകുന്ന ഓണക്കിറ്റിൽ ഉൾപ്പെടുത്താൻ 100 ഗ്രാം വീതമുള്ള ശർക്കരവരട്ടിയും ചിപ്സും കുടുംബശ്രീ നൽകും. സപ്ലൈകോയിൽ നിന്ന് 5.41 കോടി രൂപയുടെ ഓർഡർ കുടുംബശ്രീക്കു ലഭിച്ചു. കുടുംബശ്രീയുടെ കീഴിലുള്ള ഇരുനൂറിലേറെ കാർഷിക സൂക്ഷ്മ സംരംഭ യൂണിറ്റുകൾ തയാറാക്കിയ ശർക്കരവരട്ടിയുടെ 17 ലക്ഷം പാക്കറ്റുകളും ചിപ്സിന്റെ 16,060 പാക്കറ്റുകളും സപ്ലൈകോയ്ക്കു നൽകി.

ബാക്കി പിന്നീട് എത്തിക്കും. പാക്കറ്റ് ഒന്നിന് ജിഎസ്ടി ഉൾപ്പെടെ 29.12 രൂപ നിരക്കിൽ സപ്ലൈകോ സംരംഭകർക്കു നൽകും. സപ്ലൈകോ ആവശ്യപ്പെട്ട അളവിൽ ഉൽപന്നങ്ങൾ തയാറാക്കാൻ സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലേറെ വനിതാ കർഷക സംഘങ്ങളിൽ നിന്നുള്ള നേന്ത്രക്കായ സംഭരണവും കാര്യക്ഷമമാക്കി.

സംരംഭകരുടെ കോവിഡ് കാല സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഓണം വിപണിയെ പരമാവധി പ്രയോജനപ്പെടുത്തുകയാണു ലക്ഷ്യമെന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി ഐ ശ്രീവിദ്യ പറഞ്ഞു. ഓണക്കിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ 8.30ന് ഇടപ്പഴഞ്ഞി ജംക്‌ഷനിലെ റേഷൻ കടയിൽ മന്ത്രി ജി ആർ അനിൽ നിർവഹിക്കും. ഓഗസ്റ്റ് 16 വരെയാണു കിറ്റ് വിതരണം. തുണി സഞ്ചി ഉൾപ്പെടെ 16 ഇനം സാധനങ്ങൾ അടങ്ങുന്നതാണു കിറ്റ്.

By Divya