അലനല്ലൂർ∙
തിരുവിഴാംകുന്ന് കരടിയോട് ഭാഗത്ത് വനം, റവന്യു വകുപ്പുകളുടെ നേതൃത്വത്തിൽ സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ കർഷകർ തടഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. വട്ടത്തൊടി ബാലന്റെ കൈവശ ഭൂമിയിൽ സർവേ നടത്താൻ ആരംഭിച്ചതോടെ അമ്പലപ്പാറ, കരടിയോട്, കാപ്പുപറമ്പ് മേഖലയിലുള്ള കർഷകർ സ്ഥലത്തെത്തി തടഞ്ഞത്.
ഈ ഭാഗത്ത് സർവേയുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ യോഗം വിളിച്ചോ മറ്റോ പ്രദേശത്തെ കർഷക സംരക്ഷണ സമിതി ഭാരവാഹികളെ അറിയിക്കാതെ സർവേ നടത്താൻ എത്തിയതും, റവന്യു വകുപ്പിൽ നിന്ന് സർവേയർമാരല്ലാതെ മറ്റു ഉദ്യോഗസ്ഥർ ആരും സ്ഥലത്ത് എത്താത്തതും കർഷകർ ചോദ്യം ചെയ്തു.
തഹസിൽദാരുടെ അറിവോടെയുള്ള ജോയിന്റ് വെരിഫിക്കേഷൻ ആണെന്ന് വനം വകുപ്പ് അറിയിച്ചു. വനാതിർത്തിയിലുള്ള ആളുകളുടെ സ്ഥലം ജോയിന്റ് വെരിഫിക്കേഷൻ നടത്തി വനം, റവന്യു അതിർത്തിയിൽ വ്യക്തത വരുത്തി തുടർ നടപടി സ്വീകരിക്കാനാണ് ശ്രമമെന്നാണ് സർവേക്ക് എത്തിയവർ കർഷകരെ അറിയിച്ചത്.
എന്നാൽ തഹസിൽദാർ കൂടി ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ തടഞ്ഞത്. നീലിക്കൽ സെക്‌ഷൻ ഗ്രേഡ് ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ വനപാലകരും, താലൂക്ക് സർവേയർമാരായ കെ മുഹമ്മദ് റാഫി, എ മുഹമ്മദ് റാഫി എന്നിവരുമാണു സ്ഥലത്ത് എത്തിയിരുന്നത്.