Mon. Dec 23rd, 2024

കൊച്ചി∙

2019ലെ കെഎസ്ഇബി മസ്ദൂർ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനത്തിൽ  ക്രമക്കേടെന്നു പരാതി. കെഎസ്ഇബിയിൽ വർഷങ്ങളോളം മസ്ദൂറായി താൽക്കാലിക ജോലി ചെയ്തവരെ സ്ഥിരപ്പെടുത്താനാണ്, കോടതി ഉത്തരവു പ്രകാരം പിഎസ്‌സി ഈ തസ്തികയിലേക്കു പരീക്ഷ നടത്തിയത്. എന്നാൽ, പരീക്ഷയെഴുതാനുള്ളവരുടെ ലിസ്റ്റിൽ ഭരണപക്ഷാനുകൂല സംഘടനകളിലെ അംഗങ്ങളെ തിരുകിക്കയറ്റി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ വഴിയൊരുക്കിയെന്നാണു പ്രധാന ആരോപണം.

വ്യാജരേഖകൾ ചമച്ചാണു പലരും നിയമനം നേടിയതെന്നതിനു കെഎസ്ഇബി രേഖകൾ തന്നെ തെളിവ്. 30–40 വർഷം താൽക്കാലിക ജോലി ചെയ്തവരാണു ക്രമക്കേടിന്റെ ഇരകളായി സ്ഥിരം ജോലി ലഭിക്കാതെ പുറത്തായവരിൽ ഭൂരിഭാഗവും.  കെഎസ്ഇബിയിൽ 1200 ദിവസം താൽക്കാലിക ജോലി ചെയ്ത ജീവനക്കാരെ സ്ഥിരപ്പെടുത്താൻ 2004ൽ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ വിധിയുണ്ടായി.

ഇതിനെതിരെ കെഎസ്ഇബി കോടതിയെ സമീപിക്കുകയും സുപ്രീം കോടതി വരെ വ്യവഹാരം നീളുകയും ചെയ്തെങ്കിലും ട്രൈബ്യൂണൽ വിധി ശരിവച്ചായിരുന്നു അന്തിമ ഉത്തരവ്. ഇതോടെ 2017ൽ പിഎസ്‌സി ഈ തസ്തികയിലേക്കു പരീക്ഷ നടത്തി. താൽക്കാലിക ജോലി ചെയ്തിരുന്ന 282 പേരുടെ പട്ടികയാണു പരീക്ഷയ്ക്കായി ആദ്യം തയാറാക്കിയത്.

എന്നാൽ, ബോർഡിൽ ഒരു ദിവസം പോലും ജോലി ചെയ്യാത്ത പലരെയും  വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ ബലത്തിൽ പിന്നീടു തിരുകിക്കയറ്റി. ബോർഡിലെത്തന്നെ മറ്റു തസ്തികകളിലെ താൽക്കാലിക ജീവനക്കാരെയും  ഉൾപ്പെടുത്തി. ഇതോടെ ലിസ്റ്റിൽ രണ്ടായിരത്തഞ്ഞൂറോളം പേരായി. 

ഒരു താൽക്കാലിക ജീവനക്കാരനു പ്രതിവർഷം പരമാവധി 200 മണിക്കൂർ ജോലി മാത്രമാണു ലഭിക്കുന്നതെന്നതിനാൽ 1200 മണിക്കൂർ പൂർത്തിയാക്കാൻ കുറഞ്ഞത് 6 വർഷം വേണം. അതായത്, ട്രൈബ്യൂണൽ വിധി വന്ന 2004ൽ 1200 ദിവസത്തെ പ്രവൃത്തിപരിചയമുള്ളവർ 1998ലെങ്കിലും ജോലിയിൽ പ്രവേശിച്ചവരാകണം. എന്നാൽ, 1984ൽ ജനിച്ചവർ വരെ ജോലി നേടിയവരിലുണ്ട്.

നാലാം ക്ലാസ് വിജയവും പത്താം ക്ലാസ് തോൽവിയും വേണ്ട മസ്ദൂർ തസ്തികയുടെ യോഗ്യതാ മാനദണ്ഡങ്ങളും അട്ടിമറിച്ചു. പരീക്ഷയെഴുതിയതു ബിരുദാനന്തര ബിരുദവും,ബിരുദവും,എൻജിനീയറിങ് ബിരുദവും,ഡിപ്ലോമയുമൊക്കെക്കെയുള്ളവർ.

By Rathi N