Mon. Dec 23rd, 2024
കോട്ടയം:

പ്രതാപകാലത്തേക്ക്‌ വീണ്ടും കുതിച്ച്‌ നാട്ടകം ട്രാവൻകൂർ സിമന്റ്‌ ഫാക്ടറി. കോൺക്രീറ്റ്‌ പോസ്‌റ്റ്‌ നിർമാണം, ഗ്രേ സിമന്റ്‌ ഉൽപാദനം എന്നീ പദ്ധതികളാണ്‌ ഫാക്ടറിയുടെ പുതുപ്രതീക്ഷ. പ്രാരംഭമായി പോസ്‌റ്റ്‌ നിർമാണ യൂണിറ്റിനായി ആറുകോടിയും ഗ്രേ സിമന്റ്‌ ഉൽപാദനത്തിനായി 10 കോടിയും സർക്കാർ നൽകി.

തൻവർഷം പ്രവർത്തനമൂലധനമായി രണ്ടരക്കോടിയുടെ സഹായവും ലഭിച്ചു. ഉൽപാദനം വേഗത്തിൽ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്‌. നിലവിലെ ഉൽപന്നമായ വാൾപുട്ടി നവീകരണമാണ്‌ മറ്റൊരുപദ്ധതി.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുതന്നെ സിമന്റ്‌ ഫാക്ടറിയെ രക്ഷിക്കുന്നതിന്‌ വൈദ്യുത പോസ്‌റ്റ്‌ നിർമാണവും ഗ്രേസിമന്റ്‌ ഉൽപാദനവും പ്രഖ്യാപിച്ചിരുന്നു. 2020 ഒക്ടോബർ 26ന്‌ വൈദ്യുത മന്ത്രി എം എം മണി, വ്യവസായ മന്ത്രി ഇ പി ജയരാജൻ എന്നിവർ ഇരുപദ്ധതികളും ഉദ്‌ഘാടനം ചെയ്‌തു. പിന്നീട്‌ സഹായധനവും കൈമാറി.

ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എൻ വാസവൻ കഴിഞ്ഞദിവസം ഫാക്ടറി സന്ദർശിച്ച്‌ സർക്കാരിന്റെ പിന്തുണ ഉറപ്പുനൽകി. ദിനംപ്രതി 600 ടൺ ഗ്രേ സിമന്റ്‌ ഉൽപാദിപ്പിക്കാനുള്ള ശേഷി ഫാക്ടറിക്കുണ്ട്‌. കെഎസ്‌ഇബിയുമായുള്ള കരാർപ്രകാരം പ്രതിവർഷം ഒരു ലക്ഷം പോസ്‌റ്റ്‌ നിർമിക്കും.

വെള്ളകക്ക ഉപയോഗിച്ച്‌ ഗ്രേസിമന്റ് ഉൽപാദനവും വെള്ളസിമന്റ് ഉല്പാദനവുമായിരുന്നു ആദ്യകാലപ്രവർത്തനം. ഗ്രേസിമന്റ് ഉൽപാദനം പിന്നീട്‌ നിർത്തിയെങ്കിലും യന്ത്രങ്ങളും അനുബന്ധ സൗകര്യങ്ങളുമെല്ലാം ഫാക്ടറിക്കുണ്ട്‌. ഇതാണ്‌ വീണ്ടും നിർമാണത്തിലേക്ക്‌ നീങ്ങാൻ സഹായകമായത്‌.

ആകെ 56 ഏക്കർ സ്ഥലമുണ്ട്‌. നിലവിൽ ഉൽപാദിപ്പിക്കുന്ന ‘വേമ്പനാട്’ വൈറ്റ് സിമന്റിന്‌ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അംഗീകാരവും ലോകോത്തര ഗുണനിലവാരവുമുണ്ട്‌. വേമ്പനാട് ബ്രാൻഡ് വാൾപുട്ടിയും ഗുണമേന്മയിൽ മികച്ചതാണ്‌.

പുതിയ പദ്ധതികൾ പൂർത്തിയാകുന്നതോടെ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. 196 പേരാണ്‌ നി
ലവിലെ ജീവനക്കാർ. മന്ത്രി പി രാജീവിന്റെ നിർദേശപ്രകാരം മാസ്‌റ്റർപ്ലാനും തയ്യാറാക്കി. മീറ്റ്‌ ദ മിനിസ്‌റ്റർ പരിപാടിക്ക്‌ കോട്ടയത്ത്‌ എത്തിയ മന്ത്രിക്ക്‌ കമ്പനി അധികൃതരും യൂണിയൻ പ്രതിനിധികളും നിവേദനം നൽകിയിരുന്നു.

By Divya