Thu. Apr 25th, 2024
കോട്ടയം:

ഒളിമ്പിക്‌സ്‌ ലഹരിയിൽ ലോകം മുങ്ങുമ്പോൾ നിരവധി കായികപ്രേമികൾക്ക്‌ ജന്മംനൽകിയ കോട്ടയം നെഹ്‌റു സ്‌റ്റേഡിയം കാടുപിടിച്ച്‌ നശിക്കുന്നു. സ്ഥലം എംഎൽഎയും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഇവിടെ സിന്തറ്റിക്‌ ട്രാക്ക്‌ പണിയുമെന്ന്‌ പറഞ്ഞിരുന്നു. എല്ലാ ബജറ്റിലും നവീകരണത്തിനായി ലക്ഷങ്ങൾ നഗരസഭയും മാറ്റിവച്ചു.

എന്നാലിപ്പോൾ സ്‌റ്റേഡിയം കണ്ടാൽ ഇവിടെ പുല്ല്‌ കൃഷിയാണോ എന്ന്‌ സംശയിക്കുന്ന സ്ഥിതിയാണ്‌. മഴ തുടങ്ങിയതോടെ ചെളിക്കുളവുമായി. നാഗമ്പടം നെഹ്‌റു സ്‌റ്റേഡിയം കാര്യവട്ടം ഗ്രീൻ ഫീൽഡ്‌ മാതൃകയിൽ ഗ്രീൻ സ്‌റ്റേഡിയം ആക്കുമെന്നായിരുന്നു കഴിഞ്ഞ ബജറ്റിലെ നഗരസഭയുടെ വാഗ്‌ദാനം.

നഗരസഭ ഒന്നും ചെയ്‌തില്ലെങ്കിലും പുല്ല്‌ വളർന്ന്‌ സ്‌റ്റേഡിയം തനിയെ ഗ്രീനായി. മഴപെയ്‌താൽ ഇവിടെ വള്ളംകളി നടത്താം. അത്രയ്‌ക്കുണ്ട്‌ വെള്ളം. വ്യായാമത്തിന്‌ എത്തുന്നവർ ഇഴജന്തുക്കളെ പേടിച്ചാണ്‌ നടക്കുന്നത്‌.

ഗാലറിയുടെ മിക്ക സ്ലാബുകളും തകർന്നു. കോൺക്രീറ്റ്‌ തകർന്ന്‌ കമ്പികൾ തെളിഞ്ഞു. ഗാലറിക്ക്‌ താഴെയുള്ള കടകൾ മിക്കതും ചോർച്ചയിലാണ്‌. ഏത്‌ സമയത്തും നിലംപതിക്കാവുന്ന അവസ്ഥ.

യുഡിഎഫ്‌ ഭരണകാലത്ത്‌ രണ്ട്‌ തവണയാണ്‌ നെഹ്‌റു സ്‌റ്റേഡിയം നവീകരണത്തിന്‌ പണം വകയിരുത്തിയത്‌. ആദ്യം ഒരുകോടിയും രണ്ടാമത്‌ 1.25 കോടിയും. സിന്തറ്റിക്‌ ട്രാക്കായിരുന്നു അന്ന്‌ മന്ത്രിയായിരുന്ന ഇപ്പോഴത്തെ എംഎൽഎ പറഞ്ഞത്‌.

ലക്ഷങ്ങൾ മുടക്കി ഇവിടെ നഗരസഭ നിർമിച്ച സൗരോർജ ലൈറ്റുകളുടെ ബാറ്ററികളും അനുബദ്ധ സാധന സാമഗ്രികളും മോഷ്‌ടിക്കപ്പെട്ടു. ഇപ്പോൾ കൂരിരുട്ടാണ്‌.
ബാസ്‌ക്കറ്റ്‌ ബോൾ മൈതാനവും കുഴികളായി മാറി. ബോർഡിന്റെ മാർക്കിങ്, റിങ്, നെറ്റ്‌ എന്നിവ നഷ്‌ടപ്പെട്ടു.

അഞ്ച്‌ ലക്ഷം രൂപ ചെലവിട്ടാണ്‌ ഫ്ലഡ്‌ലിറ്റ്‌ സ്‌റ്റേഡിയം നിർമിച്ചത്‌. വോളിബോൾ മൈതാനത്തിന്റെ മാർക്കിങ് ഇല്ലാതായി. വലകൾ മിക്കതും പൊട്ടിപ്പോയി. ക്രിക്കറ്റ്‌ പരീശീലന കേന്ദ്രത്തിന്റെ അവസ്ഥയും സമാന സ്ഥിതിയാണ്‌. എന്നിട്ടും ചെലവിടാത്ത ഫണ്ട്‌ കാട്ടി ജനങ്ങളെ കബളിക്കുകയാണ്‌ നഗരസഭ.

By Divya