Fri. Mar 29th, 2024
ബാലരാമപുരം:

കൃത്യമായ രേഖകൾ സഹിതം സഞ്ചരിക്കുന്ന യാത്രക്കാരെയും കുടുംബ സമേതം സഞ്ചരിക്കുന്നവരെയും ഉൾപ്പെടെ ബാലരാമപുരം പൊലീസ് തിരക്കേറിയ ജംക്‌ഷനിൽ തടഞ്ഞു നിർത്തി പരിശോധിക്കുന്നതായി പരാതി. ജംക്‌ഷനിൽ പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റിന്റെ മറവിലാണ് പരിശോധന.

കൃത്യമായി യൂണിഫോം ധരിക്കാതെയും മാസ്ക് ധരിക്കാതെയുമാണ് പൊലീസുകാർ പരിശോധന നടത്തുന്നതെന്നും പരാതിയുണ്ട്. ഇതുമൂലം വാഹനങ്ങൾ റോഡിൽ നിർത്തിയിടുന്നത് ഗതാഗത കുരുക്കിനും കാരണമാകുന്നു. എയ്ഡ് പോസ്റ്റിൽ അനധികൃത പണം ഇടപാടുകൾ നടക്കുന്നതായും തങ്ങൾക്ക് വേണ്ടപ്പെട്ടവരെ വിട്ടയയ്ക്കുന്നതായും പരാതിയുണ്ട്.

ദേശീയപാതയിൽ തടഞ്ഞുനിർത്തുന്ന വാഹനയാത്രക്കാരെ രേഖകൾ ശരിയാണോ എന്നു പരിശോധിക്കാൻ എയ്‍ഡ് പോസ്റ്റിനുള്ളിൽ വിളിച്ചു വരുത്തുന്നതിനെതിരെയാണ് വ്യാപക പരാതി. പരിശോധന സുതാര്യമാക്കണമെന്നാണ് ആവശ്യം.

പൊലീസിനെ സഹായിക്കാൻ നിയോഗിച്ചിട്ടുള്ള വൊളണ്ടിയർമാർ യാത്രക്കാരെ തടഞ്ഞുനിർത്തി ദേഹത്ത് തട്ടുന്നതായും താക്കോൽ ഊരി എടുക്കുന്നതായും പരാതിയുണ്ട്. രണ്ട് ദിവസം മുൻപ് ഡിവൈഎഫ്ഐ പ്രവർത്തകനെ ഇതുപോലെ തടഞ്ഞത് നാട്ടുകാരും സമീപത്തെ ഓട്ടോ–ടാക്സി ഡ്രൈവർമാരും ചോദ്യം ചെയ്തതോടെ പൊലീസ് പിന്തിരിഞ്ഞിരുന്നു.

By Divya