Wed. Jan 22nd, 2025

വൈപ്പിൻ ∙

വൈപ്പിനിലെ താഴ്ന്ന പ്രദേശങ്ങൾ കനത്ത മഴയിൽ വെള്ളക്കെട്ടിലായി. പലയിടത്തും പോക്കറ്റ് റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി. ചിലയിടങ്ങളിൽ  സംസ്ഥാനപാതയുടെ ഇരുവശങ്ങളിലും വെളളം നിറഞ്ഞിട്ടുണ്ട്. 

മഴയ്ക്കൊപ്പം  ഉണ്ടാകാറുള്ള കാറ്റ്  ശക്തമല്ലാത്തതിനാൽ   അത്തരം നാശനഷ്ടങ്ങൾ കുറവാണ്. വെളിയത്താംപറമ്പിൽ മാത്രമാണ് കാറ്റ് നാശനഷ്ടം ഉണ്ടാക്കിയത്. ഇക്കുറി നാമമാത്രമായി നടന്ന പൊക്കാളിക്കൃഷിക്കും ശക്തമായ മഴ തിരിച്ചടിയായി.

ഒരടിയോളം ഉയരമുള്ള നെൽച്ചെടി പോലും ചിലയിടങ്ങളിൽ ഒഴുകിപ്പോയി. തൊഴിലുറപ്പ് ജോലികളും പലയിടത്തും സ്തംഭിച്ചു. നിർമാണ മേഖലയിലും ജോലികൾ സ്തംഭിച്ചതോടെ  നാട്ടുകാരും, മടങ്ങിയെത്തിയ ഇതര സംസ്ഥാനത്തൊഴിലാളികളും  ജോലിയില്ലാത്ത അവസ്ഥയായി. 

കായൽ മത്സ്യബന്ധന മേഖലയിലും മഴ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നതോടെ മീൻ ലഭ്യത കുറഞ്ഞു. ചെമ്മീൻകെട്ടുകൾ കരകവിഞ്ഞൊഴുകുന്ന സാഹചര്യവുമുണ്ട്. 

പ്രാദേശിക വിപണിയിൽ കായൽ മീൻ വേണ്ടത്ര കിട്ടാത്ത സ്ഥിതിയാണ്. ഇന്നലെ  വൈകിട്ടു മുതൽ കടൽ  ക്ഷോഭിച്ചതിനാൽ  പരമ്പരാഗത വള്ളങ്ങൾക്കു പണിക്കിറങ്ങാനാവാത്ത സാഹചര്യമുണ്ട്.  ജനവാസ പ്രദേശങ്ങളിൽ വെള്ളക്കെട്ട് പതിവിലും രൂക്ഷമായതു  പകർച്ചവ്യാധി അടക്കമുള്ള പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയുമുണ്ട്.

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വൈപ്പിനിൽ മുൻകാലങ്ങളെ അപേക്ഷിച്ചു മലിനീകരണ ഭീഷണി ശക്തമാണ്. വെള്ളക്കെട്ട്  ശക്തമായതോടെ മാലിന്യം നാടാകെ ഒഴുകിപ്പരക്കുന്നത് പുതിയ പ്രശ്നങ്ങൾ  സൃഷ്ടിക്കുമെന്ന് ആരോഗ്യപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.

By Rathi N