Sat. Apr 27th, 2024
ചെറുവത്തൂർ:

കാവുംചിറ പുഴയിൽ സൃഷ്ടിച്ച കൃത്രിമ ദ്വീപിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന മിയാവാക്കി പദ്ധതിക്ക്‌ തുടക്കമായി. കാവുംചിറ ദ്വീപിൽ വലുതും ചെറുതുമായ മരങ്ങളുടെ വൈവിധ്യശേഖരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. എം രാജഗോപാലൻ എംഎൽഎയുടെ പ്രത്യേക നിർദേശത്തിലാണ്‌ മിയാവാക്കി പദ്ധതിയിൽ ദ്വീപിനെ തിരഞ്ഞെടുത്തത്‌.

പക്ഷികളെയും ശലഭങ്ങളെയും ആകർഷിക്കുന്ന ഫലവൃക്ഷങ്ങളാണ്‌ വച്ചുപിടിപ്പിക്കുന്നത്‌. മറൈൻ അക്വോറിയം, സൺസെറ്റ് പോയിന്റ്, വാച്ച് ടവർ, ചിൽഡ്രൻസ് പാർക്ക്, ബോട്ട് ജട്ടി, റെയിൻ ഷെൽട്ടർ, വാക്ക് വേ, ബോട്ടിങ്‌, ഫുഡ്കോർട്ട് തുടങ്ങിയവ ദ്വീപിൽ ഒരുക്കും. കൂടാതെ മലനാട് റിവർക്രൂയിസ് ടൂറിസം സർക്ക്യൂട്ടിൽ ഉൾപ്പെടുന്ന ദ്വീപിനെ ടൂറിസം സ്പോട്ടാക്കി മാറ്റുന്നതിനായുള്ള പദ്ധതിയും ആവിഷ്‌കരിക്കുന്നുണ്ട്‌.

നിരവധി വിനോദ സഞ്ചാരികൾ വഞ്ചിവീടുകളിൽ കായൽ യാത്ര നടത്തുന്ന പ്രദേശം കൂടിയാണിത്‌. മിയാവാക്കി പൂർത്തിയാവുന്നതോടെ ഇത്‌ ടൂറിസം കേന്ദ്രമായി മാറും. എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ സി വി പ്രമീള, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി, ഡിടിപിസി സെക്രട്ടറി ബിജു രാഘവന്‍, പഞ്ചായത്ത് അംഗം കെ രമണി എന്നിവർ സംസാരിച്ചു.