Sat. Apr 20th, 2024
പീരുമേട്:

കേരളത്തിലെ ആരോഗ്യ മേഖലയെ ആധുനിക നിലവാരത്തിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പീരുമേട് താലൂക്ക് ആശുപത്രിയിലെ കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനം ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പിഎച്ച്സികളെ മുഴുവൻ എഫ്എച്ച്സികളാക്കുന്നതിലൂടെ ജനങ്ങൾക്ക് കൂടുതൽ സമയ സേവനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ചാണ് താലൂക്ക് ആശുപത്രിയിലെ കേന്ദ്രീകൃത ഓക്സിജൻ സംവിധാനം ഒരുക്കിയത്. ആശുപത്രിയിൽ 40 ഓക്സിജൻ കിടക്കകളാണ് സജ്ജീകരിക്കുന്നത്. സർക്കാരിൻ്റെ നൂറ് ദിന കർമ പരിപാടിയുടെ ഭാഗമായിി ആരോഗ്യ വകുപ്പിൻ്റെ മേൽനോട്ടത്തിലാണ് സംവിധാനം ഒരുക്കിയത്.

ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി അധ്യക്ഷനായി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ രാജൻ ഗൊബ്രഗഡെ , ഡയറക്ടർ ഡോ വി ആർ രാജു എന്നിവർ ഓൺലൈനിൽ പങ്കെടുത്തു. പ്രാദേശിക തല പരിപാടിയും വയോജന വിശ്രമകേന്ദ്രവും വാഴൂർ സോമൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.

By Divya