പാലക്കാട്;
ജില്ലയിൽ ടിപിആർ 18 കടന്നതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് പാലക്കാട് ജില്ലാ ഭരണകൂടം. രോഗികളുമായി സന്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി കൊവിഡ് പടരുന്നത് തടഞ്ഞില്ലെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.
ലോക്ഡൗണിൽ ഇളവുകൾ നൽകിത്തുടങ്ങിയതോടെയാണ് പാലക്കാട് ജില്ലയിൽ രോഗികളുടെ എണ്ണവും കൂടിയത്. കഴിഞ്ഞയാഴ്ച്ച ടിപിആർ പത്തിന് താഴെ വന്നിടത്ത് നിന്നുമാണ് പതിനെട്ടിലേക്കുള്ള കുതിച്ചുചാട്ടം. പഞ്ചായത്ത് തലത്തിൽ രൂപികരിച്ച റാപ്പിഡ് റെസ്പോണ്‍സ് ടീം പലയിടത്തും കാര്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.
രോഗ പരിശോധനക്ക് എത്താനും ആളുകൾ മടിക്കുന്നു. ഈ സാഹചര്യത്തിലാണ് ടിപിആർ കുറയ്ക്കാൻ പുതിയ വഴികള്‍ ജില്ലാ ഭരണകൂടം തേടുന്നത്. നേരത്തെ 35 രോഗികൾ ഉണ്ടായിരുന്ന വാര്‍ഡുകളായിരുന്നു കണ്ടൈൻമെന്റ് സോണ്‍ ആക്കിയിരുന്നത്.
25 രോഗികളുണ്ടെങ്കിൽ വാര്‍ഡ് പൂര്‍ണമായും അടച്ചിടാനാണ് പുതിയ തീരുമാനം. രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് വീഴ്ച്ച പറ്റിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പനിയോ മറ്റ് അസുഖങ്ങളായോ എത്തിയാൽ രോഗികളെ കൊവിഡ് പരിശോധനയ്ക്ക് നിര്‍ബന്ധമായും വിധേയമാക്കണമെന്ന് സ്വകാര്യ ആശുപത്രികൾക്ക് ജില്ലാ ഭരണകൂടം കര്‍ശന നിര്‍ദേശവും നൽകിയിട്ടുണ്ട്.