Sun. Dec 22nd, 2024

പാലക്കാട് ∙

ട്രെയിനിനു മുന്നിൽ ചാടി കർഷകൻ ജീവനൊടുക്കിയതിനു പിന്നിൽ ബ്ലേഡ് മാഫിയയുടെ പീ‍ഡനമെന്നു കുടുംബം. വള്ളിക്കോട് കമ്പ പാറലോടി വേലുക്കുട്ടിയുടെ (55) മരണം സംബന്ധിച്ചാണു പരാതി. കടം വാങ്ങിയതിലേറെ തുക പലിശയും കൂട്ടുപലിശയുമായി തിരിച്ചടച്ചിട്ടും ഭൂമി റജിസ്റ്റർ ചെയ്തു നൽകണമെന്ന ബ്ലേഡ് മാഫിയയുടെ ഭീഷണിയിൽ ഭയന്നാണു ജീവനൊടുക്കിയെന്നു വീട്ടുകാർ പറയുന്നു.

ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച പരാതിയിൽ ചന്ദ്രനഗർ കറുപ്പത്ത് ദേവദാസ് (ദേവൻ), സഹോദരൻ പ്രകാശ്, കല്ലേക്കാട് വാലിപ്പറമ്പ് സുധാകരൻ എന്നിവർക്കെതിരെ ഹേമാംബിക നഗർ പൊലീസ് കേസെടുത്തു. 2016ൽ മകളുടെ വിവാഹത്തിനാണു പ്രതികളിൽനിന്നു 3 ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങിയത്. ചില മാസങ്ങളിൽ 50,000 രൂപ വരെ പലിശ നൽകി.

തിരിച്ചടവു തെറ്റുമ്പോൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതു പതിവായിരുന്നു. പലരിൽനിന്നു കടംവാങ്ങിയും ആഭരണം പണയംവച്ചും 10 ലക്ഷത്തോളം രൂപ തിരികെ നൽകി. ഇതിനിടെ ചെക്കുകളിലും സ്റ്റാംപ് പേപ്പറുകളിലും നിർബന്ധപൂർവം ഒപ്പിട്ടുവാങ്ങി.

വേലുക്കുട്ടിയുടെ പേരിലുള്ള 35 സെന്റ് സ്ഥലം കൈക്കലാക്കാനായി ശ്രമം. 20 ലക്ഷത്തോളം രൂപ കടം ബാക്കിയുണ്ടെന്നും അതിനു പകരമായി ഭൂമി കൈമാറാമെന്നുമുള്ള കരാറിൽ ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചു. ഭൂമി കൈമാറാൻ മടിച്ചപ്പോൾ കൊല്ലുമെന്നായി.

ഭൂമി അവരുടെ പേരിലേക്കു മാറ്റുന്നതിനായി ഈ മാസം 20നു വീട്ടിലെത്തുമെന്നു പറഞ്ഞിരുന്നു. ആ ഭീഷണി ഭയന്നാണ് ഭർത്താവ് ജീവനൊടുക്കിയതെന്നു ഭാര്യ വിജയകുമാരി നൽകിയ പരാതിയിൽ പറയുന്നു. ബ്ലേഡ് സംഘത്തിനു തിരിച്ചുകൊടുക്കാൻ വേറെ കടം വാങ്ങിയതും വിനയായി.

പാലക്കാട്ട് ഒരാളിൽനിന്ന് 40,000 രൂപ പലിശയ്ക്കു വാങ്ങിയിരുന്നു. അതിന്റെ അടവ് മുടങ്ങിയപ്പോൾ വാങ്ങിയതു 4 ലക്ഷമാണെന്ന് ചെക്കിൽ എഴുതിച്ചേർത്ത് വേലുക്കുട്ടിക്കെതിരെ ആ വ്യക്തി പൊലീസിൽ പരാതി നൽകിയെന്നും കുടുംബം പറയുന്നു. ആ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഭർത്താവിനെ ഭീഷണിപ്പെടുത്തിയെന്നും തുടർന്ന് 4 ലക്ഷം രൂപ നൽകാനുണ്ടെന്ന പരാതിയിൽ ഒപ്പുവച്ചെന്നും വിജയകുമാരി പറയുന്നു.

പ്രതികൾ ഒളിവിലാണ്. ആത്മഹത്യാപ്രേരണക്കുറ്റവും മണി ലെൻഡിങ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

By Rathi N