Fri. Apr 26th, 2024
കോഴിക്കോട്‌:

ലോക്ഡൗണിനെ തുടർന്ന് നിർത്തിവച്ച ഡ്രൈവിങ് പരിശീലനം പുനരാരംഭിച്ചു. കൊവിഡ്‌ നിയന്ത്രണത്തിൽ വീഴ്‌ച വരുത്താതെ ലൈസൻസ്‌ ടെസ്റ്റ്‌ നടത്താമെന്ന നിർദേശത്തെ തുടർന്നാണ്‌ പരിശീലനം ആരംഭിച്ചത്‌. എ, ബി മേഖലകളിലാണ്‌ പ്രധാനമായും ഡ്രൈവിങ് സ്കൂളുകൾ പ്രവർത്തിക്കുന്നത്‌.

എപ്രിൽ 23 മുതലാണ് ഡ്രൈവിങ് സ്കൂളുകൾ അടച്ചത്‌. ജില്ലയിൽ 250ലേറെ ഡ്രൈവിങ്‌ സ്‌കൂളുകളും ആയിരത്തിലധികം തൊഴിലാളികളുമുണ്ട്‌.മാസങ്ങളായി ഡ്രൈവിങ് സ്‌കൂൾ അടഞ്ഞുകിടക്കുന്നതിനാൽ ഈ രംഗത്തുള്ളവർ പ്രതിസന്ധിയിലായിരുന്നു. സ്ഥിരമായി നിർത്തിയിട്ടതിനാൽ വാഹനങ്ങൾ കേടായി.

യാത്രാരംഗത്ത്‌ കൊവിഡ്‌ പ്രതിസന്ധി സൃഷ്ടിച്ചതോടെ വനിതകൾ ഉൾപ്പെടെ ഡ്രൈവിങ് പഠിക്കുന്നവരുടെ എണ്ണം കൂടി. ഇരുചക്രവാഹനം പഠിക്കാനാണ്‌ കൂടുതൽ പേരും എത്തുന്നത്‌. രോഗനിരക്ക് കുറവുള്ള പ്രദേശങ്ങളിൽ പ്രവർത്തനാനുമതി നൽകിയതോടെ ബുധനാഴ്‌ച ചില ഡ്രെെവിങ്‌ സ്കൂളുകൾ തുറന്നിരുന്നു. ഒരു സമയം ഒരു പഠിതാവിന് മാത്രമാണ് പരിശീലനം.

പരിശീലന വാഹനം ദിവസവും വാട്ടർ സർവീസ് നടത്തണം. സ്റ്റിയറിങ്‌ വീൽ, ഗിയർ ലിവർ, സീറ്റ് ബെൽറ്റ്, കണ്ണാടി, സ്വിച്ചുകൾ, വാതിൽപ്പിടി എന്നിവ സാനിറ്റെസർ ഉപയോഗിച്ച്‌ ഇടയ്ക്കിടെ അണുവിമുക്തമാക്കണം തുടങ്ങിയ നിബന്ധനകളോടെയാണ്‌ പരിശീലനാനുമതി. രാവിലെ എട്ട്‌ മുതൽ വൈകിട്ട് ആറുവരെയാണ് പരിശീലന സമയം.