Sun. Dec 22nd, 2024

പള്ളുരുത്തി:

ചെല്ലാനത്തെ തീരസംരക്ഷണത്തിന് 344.20 കോടി രൂപയുടെ പദ്ധതിക്ക് അന്തിമരൂപമായി. കടലാക്രമണത്തിന് ശാശ്വത പരിഹാരമെന്ന നിലയിൽ കിഫ്ബിയുടെ സഹായത്തോടെ ടെട്രാപോഡ് തീരപ്രദേശത്ത് സ്ഥാപിക്കും. ഇറിഗേഷൻ മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.

രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ പ്രഖ്യാപിച്ചതാണ് ചെല്ലാനത്തെ പുതുക്കിപ്പണിയുമെന്നത്. ഭാവിവികസനത്തിനായി മന്ത്രിമാരായ പി രാജീവ്, സജി ചെറിയാൻ എന്നിവർ ചെല്ലാനം സന്ദർശിച്ചിരുന്നു. തുടർന്ന് കടൽഭിത്തി നിർമാണത്തിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാൻ ഐഡിആർബി ഡയറക്ടറെ ചുമതലപ്പെടുത്തി.

ചെല്ലാനത്തെ മാതൃക മത്സ്യഗ്രാമമാക്കി ഉയർത്താനും സർക്കാർ തീരുമാനിച്ചിരുന്നു. തീരസംരക്ഷണത്തിന് കെ ജെ മാക്സി എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കിയ നിരവധി പദ്ധതികൾ പുരോഗമിക്കുകയാണ്. ബസാർ, കമ്പനിപ്പടി, ചെറിയകടവ്, വാച്ചാക്കൽ കടപ്പുറം എന്നിവിടങ്ങളിൽ ജിയോ ബാഗ് നിർമാണവും ബസാർ, കണ്ണമാലി എന്നിവിടങ്ങളിൽ ജിയോ ട്യൂബ് നിർമാണവും നടക്കുന്നുണ്ട്.

സർക്കാർ പ്രഖ്യാപിച്ച പുതിയ ടെട്രാപോഡ് പദ്ധതി തീരദേശ നിവാസികൾക്ക് ആശ്വാസകരമാണ്. പദ്ധതി എത്രയുംവേഗം നടപ്പാക്കുമെന്ന് കെ ജെ മാക്സി എംഎൽഎ പറഞ്ഞു. നാലു കാലുകളുള്ള കൂറ്റൻ കോൺക്രീറ്റ്‌ കട്ടകളാണ്‌ ടെട്രാപോഡുകൾ.

ഇവയെ ഹാർബർ നിർമാണത്തിന്‌ ബ്രേക് വാട്ടർ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത്‌ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്‌. തീരസംരക്ഷണത്തിന്റെ ഭാഗമായി ഇവയെ സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ഉപയോഗിക്കുന്നത്‌. കരിങ്കല്ലിനുപകരം ടെട്രാപോഡുകൾ നിരത്തി പുലിമുട്ട്‌ നിർമിക്കുകയാണ്‌ ചെയ്യുക. തീരത്തിന്റെയും പ്രത്യേകത അനുസരിച്ച്‌ ഇവ രൂപകൽപ്പന ചെയ്‌താണ്‌ കടൽക്ഷോഭത്തെ നേരിടുന്നത്‌.

By Rathi N