Sun. Dec 22nd, 2024
മറയൂർ:

തിരുവനന്തപുരത്ത് നിന്നും കാന്തല്ലൂരിലേക്ക് ആദ്യമായി സർവീസ് ആരംഭിച്ച കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റിന് ആവേശോജ്ജ്വല സ്വീകരണം. എ രാജ എംഎൽഎ യുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും പരിശ്രമത്തിലാണ്‌ ബസ്‌ സർവീസ്‌ യാഥാർഥ്യമായത്‌. പടക്കംപൊട്ടിച്ചും ജീവനക്കാരെ പൂമാലയണിയിച്ചും മധുരം നൽകിയും കാന്തല്ലൂർ നിവാസികൾ സ്വീകരണം കൊഴുപ്പിച്ചു.

ദീർഘദൂര യാത്രകൾക്ക് ഏറെ പ്രയാസപ്പെടുന്ന കാന്തല്ലൂർ നിവാസികൾക്കും തെക്കൻ ജില്ലകളിൽ നിന്ന്‌ മൂന്നാർ, കാന്തല്ലൂർ മേഖലയിലേക്ക് എത്തേണ്ടവർക്കും ഈ സർവീസ്‌ അനുഗ്രഹമായി. രാവിലെ എട്ടിന്‌ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട്‌ വൈകിട്ട്‌ 7.30 ന്‌ കാന്തല്ലൂരിൽ എത്തും. തിരികെ രാവിലെ 5.50 ന് കാന്തല്ലൂരിൽ നിന്ന്‌ പുറപ്പെട്ട്‌ കോതമഗലം–കോട്ടയം–കൊട്ടാരക്കര വഴി തിരുവനന്തപുരത്ത് എത്തും.

തലസ്ഥാനത്ത്‌ നിന്ന്‌ മറയൂർക്ക്‌ ഉണ്ടായിരുന്ന ബസ്‌ ഒരു വർഷം മുൻപ്‌ നിർത്തിയിരുന്നു. ജീവനക്കാർക്ക് താമസസൗകര്യം ഇല്ലാത്തതിനെ തുടർന്നായിരുന്നു ഇത്‌. ബസ് സർവീസ് നിർത്തിയതും കോവിഡിനെ തുടർന്ന് സ്വകാര്യ അന്തർ സംസ്ഥാന സർവീസുകൾ ഇല്ലാതായതും ജനങ്ങളെ ഏറെ വലച്ചു.

യാത്രാദുരിതം എ രാജ എംഎൽഎയുടെ ശ്രദ്ധയിൽപ്പെട്ടതോടെ അദ്ദേഹം ഇടപെട്ടാണ്‌ പുതിയ ബസ് സർവീസ് ആരംഭിച്ചത്. ജീവനക്കാർക്ക് താമസസൗകര്യം ഒരുക്കാൻ മറയൂർ പഞ്ചായത്തിന്‌ കഴിഞ്ഞില്ല. അതേസമയം, കാന്തല്ലൂർ പഞ്ചായത്ത് ഒരുക്കിയതോടെയാണ്‌ സർവീസ്‌ ഇവിടേക്ക്‌ നീട്ടിയത്‌.

സ്വീകരണ ചടങ്ങിൽ കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹൻദാസ്, വൈസ് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കെഎസ്‌ കെടിയു ഏരിയ സെക്രട്ടറി എ എസ് ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.

By Divya