തിരുവനന്തപുരം:
സമൂഹമാധ്യമങ്ങളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തടയാനായി ഡിജിറ്റൽ പട്രോളിങ് സംവിധാനം നടപ്പാക്കും. സമൂഹമാധ്യമങ്ങളിലുണ്ടാകുന്ന സൈബർ ആക്രമണങ്ങൾക്ക് തടയിടാൻ സൈബർസെൽ, സൈബർഡോം, സൈബർ പൊലീസ് സ്റ്റേഷനുകൾ എന്നിവ സംയുക്തമായാണ് ഡിജിറ്റൽ പട്രോളിങ് നടത്തുന്നത്.
സ്ത്രീകൾക്കെതിരെ നിരന്തരം കുറ്റകൃത്യങ്ങളുണ്ടാവുന്ന ‘ഹോട്ട് സ്പോട്ടുകൾ’ സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ എസ്പിയുടെ നേതൃത്വത്തിൽ കണ്ടെത്തും. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ബലാത്സംഗം എന്നിങ്ങനെ കേസുകൾ കൂടുന്ന സ്ഥലങ്ങൾ എന്നിവ പ്രത്യേകമായി മാർക്ക് ചെയ്ത് ഇവിടങ്ങളിൽ പിങ്ക് പട്രോളിങ് സംവിധാനങ്ങളും ആശയവിനിമയവും ശക്തമാക്കും.
ഗാർഹിക, സ്ത്രീധന പീഡനങ്ങളടക്കം സ്ത്രീസുരക്ഷ ഉറപ്പാക്കാൻ കേരള പൊലീസ് നടപ്പാക്കുന്ന പിങ്ക് പ്രൊട്ടക്ഷൻ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടികൾ. അടിയന്തര സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് നിർഭയം മൊബൈൽ ആപ്ലിക്കേഷനിലെ എമർജൻസി ബട്ടണിൽ അമർത്തിയാൽ ഉടൻ പൊലീസ് സഹായം ലഭ്യമാവും. പൊൽ ആപ്പിലും ഈ സൗകര്യമുണ്ട്.
1515 നമ്പറിൽ വിളിച്ച് ഏതുസമയത്തും സഹായം തേടാം. അടിയന്തര സഹായം തേടിയുള്ള ഫോൺവിളികൾ കൈകാര്യം ചെയ്യാൻ 14 പൊലീസ് ജില്ലകളിലും പിങ്ക് കൺട്രോൾ റൂമുകളും ഒരുക്കിയിട്ടുണ്ട്.